പൊന്നാനി: വയനാട്ടിലെ ചുരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ സംഭവിച്ച ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥനകളോടെ വിശ്വാസികൾ നിസ്കാരപ്പള്ളിയിൽ ഒത്തുകൂടി. മരണപ്പെട്ടവർ, കാണാതായവർ, പരിക്കേറ്റവർ, വസ്തുവഹകൾ നഷ്ടപ്പെട്ടവർ .... എല്ലാവരുടെയും നന്മക്ക് വേണ്ടി അവർ പ്രപഞ്ച നാഥനോട് സംഘമായി പ്രാർത്ഥിച്ചു.
പൊന്നാനിയിലെ മസ്‌ജിദ് ഇജാബ മുസമ്മിലിൽ അരങ്ങേറിയ കണ്ണീരിൽ കുതിർന്ന കൂട്ടപ്രാർത്ഥന ദുരന്ത വാർത്തകൾ കേട്ട് മരവിച്ചിരുന്ന ഹൃദയങ്ങളിൽ ആശ്വാസം വർഷിപ്പിച്ചു. നാട്ടിന് കാവലും നാട്ടാർക്ക് രക്ഷയും തേടി പള്ളിയിൽ സംഗമിച്ച നൂറു കണക്കിന് വിശ്വാസികൾ കൈകളുയർത്തി.
പ്രകൃതി ദുരന്തത്തിൽ നിന്നും പ്രളയത്തിൽ നിന്നും നാടിനെ സംരക്ഷിക്കുന്നതിനു വേണ്ടി സർവ ലോക രക്ഷിതാവിനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയെന്നത് സത്യവിശ്വാസികളുടെ ബാധ്യതയാണെന്നും വിപത്തുകൾ മനുഷ്യരെ പടച്ചവനിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് വേണ്ടതെന്നും കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും മസ്‌ജിദ് ഇജാബ മുസമ്മിൽ കാര്യദര്ശിയുമായ അൽഹാജ് കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ് ഉൽബോധിപ്പിച്ചു.
സൗഭാഗ്യം നൽകിയും ദുരിതം നൽകിയും പടച്ചവൻ മനുഷ്യനെ പരീക്ഷിക്കുമെന്നും അപ്പോഴെല്ലാം ക്ഷമയും അടിയുറച്ച ദൈവ വിശ്വാസവും കൈമുതലാക്കി അതിനെ നേരിടുകയാണ് അഭികാമ്യമെന്നും അദ്ദേഹം തുടർന്നു. ദുരന്തത്തിന്റെയും വിഷമതകളുടെയും മുമ്പിൽ ജാതി, മത വ്യത്യാസങ്ങൾ അപ്രസക്തമാണെന്നും ഉസ്താദ് ഓർമിപ്പിച്ചു.
കെ ഫസലു റഹ്മാൻ മുസ്‌ല്യാർ , ഹാഫിള് അനസ് അദനി ചുങ്കത്തറ , റഫീഖ് സങ്ങദി , ഉസ്മാൻ മൗലവി കറുകതിരുത്തി എന്നിവരും പ്രസംഗിച്ചു. ദുരിതം അനുഭവിക്കുന്നവരെ കഴിയും വിധം സഹായിക്കുകയെന്നതും മറ്റുള്ളവരുടെ മേൽ ഒഴിച്ചുകൂടാനാവാത്ത കടമയാണെന്നും പ്രസംഗകർ ജനങ്ങളെ ഓർമിപ്പിച്ചു.