പൊന്നാനി: ഓണാഘോഷത്തോടനുബന്ധിച്ച് പൊന്നാനി സ്പോർട്സ് അസോസിയേഷൻ മിനി മാരത്തോൺ സംഘടിപ്പിച്ചു. അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്പോൺസർ ചെയ്ത മാരത്തോൺ പൊന്നാനി എം എൽ എ നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ആയിരത്തിലധികം കായികതാരങ്ങൾ മാറ്റുരച്ച മിനി മാരത്തോൺ മത്സരത്തിൽ പൊന്നാനി മുനിസിപ്പാലിറ്റിക്ക് അകത്ത് നിന്ന് മത്സരിച്ചവരിൽ ഇല്യാസ് ഒന്നാം സ്ഥാനവും അമീൻ രണ്ടാം സ്ഥാനവും ആശിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരളക്കരയിലെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരൻ കോഴിക്കോട് നിന്നുള്ള നബീൽ ഒന്നാം സ്ഥാനം നേടി. ജോൺസൻ തൃശൂർ രണ്ടാം സ്ഥാനവും, നവീൻ ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. വനിതകളിൽ ഒന്നാം സ്ഥാനം ഫാത്തിമത്ത് അൽമിസ്‌രിയ, രണ്ടാം സ്ഥാനം അർഷാൻ ഷെറിൻ, മൂന്നാം സ്ഥാനം ശിബ്‌ന സുബി എന്നിവരും സ്വന്തമാക്കി.
സമാപന സമ്മാനദാന ചടങ്ങിൽ പൊന്നാനിയിലെ കായിക ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് സുൽഫിക്കറിനെ എക്സൈസ് എസ് ഐ പ്രദീപ്കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.
പൊന്നാനി മുനിസിപ്പൽ ചെയർമാൻ ആറ്റുപുറം ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മനാഫ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. ജവാദ് സ്വാഗതവും എസ് കെ മുസ്തഫ നന്ദിയും പറഞ്ഞു.