പൊന്നാനി: സ്വന്തം വീട്ടിന് പുറത്തേക്ക് തള്ളുന്ന വൃദ്ധ മാതാപിതാക്കളുടെ എണ്ണം പെരുകിവരുന്ന പരിഷ്കൃത ലോകത്ത് സഹസ്രാബ്ദങ്ങൾക്ക് മുമ്പുള്ള ഉത്തമ പുരുഷൻ ലുഖ്‌മാൻ അൽഹകീം അവർകളുടെ ഉപദേശ നിർദേശങ്ങൾ കൂരിരുട്ടിലെ ദീപസ്തംപങ്ങളാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.
പടച്ചവനോടുള്ള കടമ, മാതാപിതാക്കളോടുള്ള ബാദ്ധ്യതകൾ, ആരോഗ്യകരമായ സമൂഹ സൃഷ്ടിക്ക് വേണ്ട പെരുമാറ്റ മര്യാദകൾ മുതലായ വിഷയങ്ങളിൽ തത്വജ്ഞാനിയായ ലുഖ്‌മാൻ അവർകൾ നൽകിയ ഉപദേശങ്ങളെ കവച്ചു വെക്കുന്ന വാക്കുകൾ ചരിത്രത്തിൽ കണ്ടെത്താൻ പ്രയാസമാണെന്നും ലോകം എത്ര മുന്നോട്ടു പോയാലും കൂടുതലായി പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്നവയാണ് അവയെന്നും അദ്ദേഹം തുടർന്നു.
മാതാപിതാക്കളുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹമാണ് ലോകത്തിന് വേണ്ടതെന്നും ലുഖ്‌മാൻ അൽഹക്കീമിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ജീവിതം ആസ്പദമാക്കിയുള്ള ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ട്ക്കൊ മുഹമ്മദ് ഖാസിം കോയ വിവരിച്ചു.
"എന്റെ പൊന്നോമന മകനേ" എന്ന വാത്സല്യ വിളിയിൽ തുടങ്ങി "ദൈവത്തോടും മാതാപിതാക്കളോടുമുള്ള ഉത്തരവാദിത്തങ്ങളിലൂടെ തുടരുന്ന വാക്കുകൾ നടത്തിലും സംസാരത്തിലും പാലിക്കേണ്ട മിതത്വവും മര്യാദയും പരാമർശിച്ച് അവസാനിക്കുമ്പോൾ എല്ലാ കാലങ്ങളിലും നല്ല മനുഷ്യർ കൊതിക്കുന്ന സാരോപദേശങ്ങളായി അവ ജ്വലിക്കുകയാണ്". പൊന്നാനി മീൻതെരുവ് പ്രദേശത്ത് സംഘടിപ്പിച്ച ഉസ്താദ് കുടക് ഇബ്രാഹിം മുസ് ലിയാർ അനുസ്മരണ സമ്മേളനത്തിൽ ഖിളർ നബി മൗലിദ് - ദുആ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖാസിം കോയ.
പൊന്നാനി അബൂബക്കർ മസ്ജിദിൽ അരങ്ങേറിയ ആത്മീയ ദുആ മജ്‌ലിസിന് വലിയ ജുമാഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സാഖാഫി തലപ്പാറ നേതൃത്വം നൽകി. ഇ കെ സിദ്ധിഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ അൻവരി, സി എം സഹിർ, സിദ്ധിഖ് മൗലവി അയിലക്കാട്. ഇദ്‌രീസ് മൗലവി സഖാഫി എന്നി വർ പ്രസംഗിച്ചു. ദുആ സമ്മേളനത്തിൽ ആയിരങ്ങൾ ആദ്യാവസാനം സംബന്ധിച്ചു. അന്നദാനവും ഉണ്ടായിരുന്നു.