മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലുള്ള പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ അനുമതി. കുട്ടികളുടെ പാര്‍ക്കിനാണ് അനുമതി നല്‍കിയത്. പാര്‍ക്ക് തുറക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന്, പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയത്.
പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളില്‍ ആയിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിനു ബന്ധമില്ലെന്നു പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ബാക്കി നിര്‍മാണങ്ങളില്‍ അപകടസാധ്യതാ പരിശോധന നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കോഴിക്കോട് സ്ഥിതിചെയ്യുന്ന സ്വകാര്യ ഏജന്‍സിയെ ഇതിനായി ചുമതലപ്പെടുത്തി.
ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും പാര്‍ക്കിന് പൂര്‍ണ പ്രവര്‍ത്തനാനുമതി നല്‍കണോയെന്നു തീരുമാനിക്കുക. 2018-ല്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവിടെ ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതിയുണ്ട്.
വിവാദ വാട്ടര്‍ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടെന്നായിരുന്നു കൂടരഞ്ഞി പഞ്ചായത്തിന്റെയും തീരുമാനം. പാര്‍ക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിനു ഗുണകരമായ പദ്ധതിയാണെന്നും പഞ്ചായത്ത് ഉപസമിതി കണ്ടെത്തിയിരുന്നു.
അപകടസാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് കക്കാടംപൊയില്‍. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അത്തരം പ്രദേശങ്ങളില്‍ മഴക്കുഴി പോലും പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണു മലകളുടെ വശങ്ങള്‍ ഇടിച്ച് പാര്‍ക്ക് നിര്‍മിച്ചത്.