പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം: ‘ഓപ്പറേഷൻ സീറോ റാബീസ്’ മാതൃകയിൽ ‘ഓപ്പറേഷൻ–2’ ഉടൻ ആരംഭിക്കണം, നഗരസഭയും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്

New Update
ponnani

പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിൽ വർധിച്ചു വരുന്ന തെരുവ് നായ ശല്യം അടിയന്തരമായി നിയന്ത്രിക്കാൻ ‘ഓപ്പറേഷൻ–2’ ആരംഭിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ആവശ്യപ്പെട്ടു. 

Advertisment

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. നഗരസഭയും തദ്ദേശ സ്വയംഭരണവകുപ്പും സർക്കാറും വിഷയത്തിൽ സമയബന്ധിതമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1991-ൽ വി.പി. ഹുസൈൻ കോയ തങ്ങൾ ചെയർമാനായിരിക്കെ ജേസീസിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഏഷ്യയിലെ ആദ്യ ‘ഓപ്പറേഷൻ സീറോ റാബീസ്’ പദ്ധതിയെ മാതൃകയാക്കി, എല്ലാ സംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി രണ്ടാം ഘട്ട പ്രവർത്തനം ആരംഭിക്കണമെന്ന് ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.

നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും നായ ശല്യം കാരണം ജനങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടമായി സഞ്ചരിക്കുന്ന തെരുവ് നായകൾ മൂലം ജനങ്ങൾക്ക് റോഡിലേക്കിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. 

വീടുകളുടെ അകത്തേക്ക് വരെ നായ ആക്രമണം ഉണ്ടാകുന്ന സാഹചര്യം നിലനിൽക്കുന്നു. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് നിർമ്മിച്ച വീടുകളുടെ മുന്നിൽ വരെ വല കെട്ടിയാണ് വീട്ടുടമകൾ നായ ശല്യത്തെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾ, സ്ത്രീകൾ, വയോധികർ ഉൾപ്പെടെ നിരവധി പേർ തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നതായും അദ്ദേഹം ആരോപിച്ചു. 

തെരുവ് നായകളുടെ എണ്ണംയും ആക്രമണവും ക്രമാതീതമായി വർധിച്ചിട്ടും നഗരസഭയും തദ്ദേശ സ്വയംഭരണവകുപ്പും സർക്കാറും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് വിമർശിച്ചു.

തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് വിദഗ്ധ ചികിത്സയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും, സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ള ഷെൽട്ടർ ഹോം ആരംഭിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.

Advertisment