മലപ്പുറം: തുവ്വൂര്‍ കൃഷിഭവനില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന സുചിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിനായി പ്രതികളെ മുഖ്യപ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഞങ്ങളല്ല ഇത് ചെയ്തത്... സത്യമാണ്... ഞങ്ങളല്ല ഇത് ചെയ്തത്...' നാട്ടുകാരോട് പ്രതികള്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്.
വിഷ്ണുവിനെ പ്രതിഷേധക്കാര്‍ തള്ളിമാറ്റി. തുടര്‍ന്ന് സംഘര്‍ഷത്തിനിടെ പൊലീസ് പ്രതികളെ ജീപ്പിലേക്കു കയറ്റുന്നതിനിടെയാണ് ഇത്തരത്തില്‍ പ്രതികള്‍ വിളിച്ചു പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണു തെളിവെടുപ്പിന് എത്തിച്ചത്.
കൊലയില്‍ നിലവില്‍ പ്രതി ചേര്‍ത്തവര്‍ക്കു മാത്രമല്ല ഉന്നത യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ആരോപിച്ചു.
ഈ മാസം 11ന് കാണാതായ തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കൂത്ത് സുജിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിത്. 11ന് കാണാതായ സുജിതയെ അന്ന് ഉച്ചയ്ക്ക് വീട്ടില്‍വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി.
വീട്ടുവളപ്പിലെ കുഴിയിലാണ് കുഴിച്ചിട്ടത്. തെളിവ് നശിപ്പിക്കാന്‍ കുഴിക്കു മുകളില്‍ മെറ്റല്‍ വിതറി. തുടക്കംതൊട്ടേ കേസ് വഴിതിരിച്ചുവിടാന്‍ വിഷ്ണു നടത്തിയ ശ്രമം, പൊലീസ് മൃതദേഹം കണ്ടെത്തിയതോടെ പൊളിയുകയായിരുന്നു.