മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവത്തിൽ പൊലീസ് നടപടിയിലെ ദുരൂഹത പുറത്ത്. ലഹരി മരുന്ന് കേസിൽ താമിർ ജിഫ്രിയെ പ്രതി ചേർത്തത് മരണ ശേഷമെന്നാണ് വ്യക്തമാകുന്നത്. താമിർ ജിഫ്രി കുഴഞ്ഞു വീണത് 4.25 നെന്നാണ് പൊലീസ് എഫ്ഐആർ പറയുന്നത്. ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു.
എന്നാൽ ലഹരി കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയുന്നത് 7.03 നാണ്. .1.45 ന് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചെന്ന് പൊലീസ് മേധാവി പറയുമ്പോൾ സ്റ്റേഷനിൽ എത്തിയത് 2.45 ന് എന്നാണ് എഫ്ഐആറിലുള്ളത്. കസ്റ്റഡി മരണത്തിൽ സസ്‌പെൻഡ് ചെയ്തവരിൽ ഡാൻസാഫ് സ്ക്വാഡ് ഉദ്യോഗസ്ഥരുമുണ്ട്.
എസ്പിക്ക് കീഴിലുള്ള പ്രത്യേക സംഘമാണ് ഡാൻസാഫ്. എന്നാൽ ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് കേസുമായുള്ള ബന്ധം പൊലീസ് എഫ്ഐആറിൽ ഇല്ല. താമിർ ജിഫ്രിയെ പിടികൂടിയത് താനൂരിൽ നിന്നെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. ചേളാരിയിൽ നിന്നാണ് പിടിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ ആരോപണം ശരിവെക്കുന്നതാണ് ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി.
ചേളാരിയിൽ നിന്ന് പിടിച്ച കേസ് താനൂരിൽ എത്തിയതെങ്ങനെയെന്നാണ് കുടുംബം ചോദിക്കുന്നത്. മരണ വിവരം ഔദ്യോഗികമായി ലഭിച്ചത് 07.05നെന്ന് എഫ്ഐആറിൽ പറയുമ്പോഴും പൊലീസ് കുടുംബത്തെ അറിയിക്കുന്നത് മൂന്നര മണിക്കൂറിന് ശേഷമാണ്. 10.30ന് ശേഷമാണ് മരണ വിവരം തങ്ങളെ അറിയിച്ചതെന്ന് താമിർന്റെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞിരുന്നു.