/sathyam/media/media_files/AYFCqfdX91Uugjm2FioG.jpg)
താനൂർ: താനൂരിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് താമിർ ജിഫ്രിയുടെ കുടുംബം. പൊലീസ് മനപൂർവം വൈകിപ്പിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് ദിവസം തുടർച്ചയായി സമീപിച്ചിട്ടും റിപ്പോർട്ട് നൽകിയില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നുവെന്നും താമിറിൻറെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് പൊലീസിനെതിരെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണെന്നാണ് സൂചന.
താമിർ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിഷയത്തിൽ നാളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. മാധ്യമങ്ങൾ പുറത്ത് കൊണ്ടു വരുന്ന വിവരങ്ങൾ ഗൗരവകരമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് മുസ്ലിം ലീഗിന്റെയും ആവശ്യം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻറ് കെ സുധാകരനും രംഗത്തെത്തി.