മലപ്പുറം: മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയിറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇത് കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്. എടക്കോടു വനമേഖലയിൽ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകർ പറഞ്ഞു. ചാലിയാർ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയിൽ ഭാഗത്തെ ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തെത്തിയത്.