/sathyam/media/media_files/2025/01/20/MFGKD6HrSFgNbZWowLRC.jpg)
നിലമ്പൂർ: നിലമ്പൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനവും മകന് സർക്കാർ ജോലിയും ഉടൻ നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി നഗറിലെ സരോജിനിയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഐ ഡി ടി പി ഉദ്യോഗസ്ഥർ സരോജിനിയുടെ വീട് സന്ദർശിക്കാത്തതും തുടർനടപടികൾ നടത്താതിരിക്കുന്നതും കടുത്ത അനാസ്ഥയാണ്.
31 വീടുകൾ മാത്രമുള്ള ഉച്ചക്കുളം സെറ്റിൽമെന്റിൽ നൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നത് ദുരിതപൂർണമാണ്. നിലവിലുള്ള പല വീടുകളും വാസയോഗ്യമല്ലാത്തതും ചോർന്നൊലിക്കുന്നതുമാണ്.
ഇവിടത്തെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും കൃഷിക്കും കൂടി ഉപയോഗിക്കാവുന്നവിധം ഒരേക്കർ ഭൂമി നൽകാനും സൗകര്യപ്രദവും സുരക്ഷിതവുമായ വീടുകൾ നൽകാനും സർക്കാർ തയ്യാറാകണം.
തൊഴിൽ ഇല്ലാത്തത് മൂലം പല കുടുംബങ്ങളും കടുത്ത പട്ടിണിയിലാണ്. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന റേഷൻ അടക്കമുള്ള മുടങ്ങിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം. എസ് എസ് എൽ സി പഠനം കഴിഞ്ഞതിനുശേഷം വിദ്യാഭ്യാസം മുടങ്ങിയ ധാരാളം കുട്ടികളുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങളും ഗ്രാന്റുകളും ലഭിക്കാത്തതിനാൽ പല കുട്ടികളും പഠനം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആരിഫ് ചുണ്ടയിൽ, സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കാദർ അങ്ങാടിപ്പുറം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മജീദ് ചാലിയാർ, ദാമോദരൻ പനക്കൽ, സെയ്താലി വലമ്പൂർ, ഹമീദ് മൂത്തേടം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us