/sathyam/media/media_files/QQE2NMIvirdzXZtRzjLQ.jpg)
ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭം ഉണ്ടാക്കാം എന്ന പ്രചരണം നടത്തി ഓൺലൈനായി മണി ചെയിൻ തട്ടിപ് നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട ഒരാളെ ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലേപ്പിള്ളി പൗർണമിനിവാസിലെ മിഥുൻദാസ് (35) ആണ് പിടിയിലായത്. മെറ്റഫോഴ്സ് എന്ന ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ലാഭം ഉണ്ടാക്കാമെന്ന് സംഘം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇവർ അയച്ചുകൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ട്രേഡിങ്ങിന് എന്നപേരിൽ അപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കുന്നു.
നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് വാങ്ങുന്ന കറൻസി മെറ്റാഫോഴ്സ് എന്ന കമ്പനിയുടെ മൊബൈൽ അപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതോടുകൂടി മുഴുവൻ സംഖ്യയും മണി ചെയിനിലെ മുകൾ നിരയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നു. തുടർന്ന് നിക്ഷേപകനോട് മറ്റുള്ളവരെ സ്കീമിൽ ചേർത്ത് നിക്ഷേപം നടത്തുന്നതിന് വേണ്ടി പ്രേരിപ്പിക്കുന്നു. എങ്കിൽ മാത്രമേ നിക്ഷേപകന് നിക്ഷേപിച്ച തുകയും ലാഭവും ലഭിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു. ഈ ഘട്ടത്തിലാണ് നിക്ഷേപകന് ഇത് മണി ചെയിൻ ആണ് എന്ന കാര്യം മനസ്സിലാകുന്നത്.
നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിന് വേണ്ടി കുറച്ചുപേരെങ്കിലും മറ്റുള്ളവരെ ഈ പദ്ധതിയിലേക്ക് ചേരാൻ പ്രേരിപ്പിക്കുന്നു. നിരവധി പേർക്ക് ഒരുലക്ഷം മുതൽ 20 ലക്ഷം വരെ ഈ പദ്ധതിയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ചെയിനിന്റെ മുകൾത്തട്ടിൽ ഉള്ള ചുരുക്കം ചിലർ ലക്ഷങ്ങളുടെ സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ട്. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ ഹാൾ ബുക്ക് ചെയ്തു മോട്ടിവേഷൻ ക്ലാസുകൾ നടത്തി ആണ് പ്രതികൾ പദ്ധതിയിലേക്ക് ആളെ ചേർക്കുന്നത്. ഓൺലൈൻ ട്രേഡിംഗിന്റെയും മറ്റും സാങ്കേതിക പദങ്ങൾ മാത്രം ഉപയോഗിക്കുന്ന ക്ലാസുകളിൽ പദ്ധതിയുടെ പൂർണ്ണരൂപം ഒരിക്കലും വെളിപ്പെടുത്താറില്ല.
പദ്ധതിയിൽ അംഗങ്ങളാകുന്ന വരെ ചേർത്ത് വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾl ആരംഭിച്ചാണ് പദ്ധതി വിപുലീകരിക്കുന്നത്. ഒന്നാംപ്രതി അംഗമായുള്ള ടെലഗ്രാം ഗ്രൂപ്പിൽ 3000 ത്തോളം മെമ്പർമാരാണ് ഉള്ളത്. മണി ചെയിൻ ബിസിനസ്ഏതു രൂപത്തിലുള്ളതാണെങ്കിലും ഇന്ത്യയിൽ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ഓൺലൈനായി പോലും ഇത്തരം പദ്ധതി നടത്തുന്നതോ, അംഗമായി ചേരാൻ പ്രേരിപ്പിക്കുന്നത്, പദ്ധതിയിൽ അംഗമാകുന്നത് പോലും നിയമവിരുദ്ധമാണ്.
പ്രതിയുടെ കല്ലേപ്പുള്ളിയിലുള്ള വീട്ടിൽ search നടത്തിയ പോലീസ് സംഘം ഒരു BMW കാറും, ഒരു volkswagen കാറും, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പണം ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു. ഈ പദ്ധതിയിൽ പണം നഷ്ടപ്പെട്ട നിരവധി പേർ പരാതികളുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. പദ്ധതിയുടെ മുകൾത്തട്ടിൽ ഉള്ളവരെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നു. പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിനായി പാസാക്കിയ ബഡ്സ് ആക്ട് ഈ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ സ്വത്തു വകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us