ഓണം: അനധികൃത മദ്യക്കടത്തും ലഹരിയും തടയാന്‍ എക്സൈസിന്റെ സ്പെഷ്യല്‍ ഡ്രൈവ്, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

New Update
excise- many

പാലക്കാട്: ഓണക്കാലം ലക്ഷ്യമിട്ട് അനധികൃത മദ്യം, മയക്കുമരുന്ന്, വ്യാജവാറ്റ് എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന സ്പെഷ്യൽ ഡ്രൈവ് ഊർജിതമാക്കി. ആഗസ്റ്റ് നാലിന് ആരംഭിച്ച ഡ്രൈവ് സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കും. 

Advertisment

സംസ്ഥാന അതിർത്തികളിലൂടെയുള്ള ലഹരി, മദ്യക്കടത്ത് തടയുന്നതിനായി കെ.ഇ.എം.യു (Kerala Excise Mobile Unit) ബോർഡർ പട്രോളിങ് യൂണിറ്റിന്റെയും ദേശീയപാതകളിലെ ഹൈവേ പട്രോളിങ് യൂണിറ്റിന്റെയും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. 

ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് ഒറ്റപ്പാലം-മണ്ണാർക്കാട്, പാലക്കാട്-ചിറ്റൂർ-ആലത്തൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ ഓരോ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക പട്രോളിങ് പാർട്ടികളും, മിന്നൽ സ്ക്വാഡും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 

കൂടാതെ, ചിറ്റൂർ മേഖലയിലെ കള്ള് ചെത്ത് തോട്ടങ്ങളിൽ ജോയിന്റ് എക്സൈസ് കമ്മീഷണറുടെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്.
ലൈസൻസുള്ള കള്ള് ഷാപ്പുകൾ, ഡിസ്റ്റിലറികൾ, ബ്രൂവറികൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ട്. 

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, പൊലീസ്, റെവന്യൂ, ഫോറസ്റ്റ് വകുപ്പുകളുമായി സഹകരിച്ച് എല്ലാ ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാർസൽ/കൊറിയർ സർവീസ് കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. മുൻകാല പ്രതികളെ നിരീക്ഷിക്കുന്നതിനായി എക്സൈസ് സൈബർസെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം

അബ്കാരി, എൻ.ഡി.പി.എസ്. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് ജില്ലാതല കൺട്രോൾ റൂമിലോ താലൂക്ക് തല കൺട്രോൾ റൂമിലോ അറിയിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ:

* ജില്ലാതല കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ: 155358
* ജില്ലാതല കൺട്രോൾ റൂം ഫോൺ: 0491-2505897
* ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഓഫീസ്: 0466-2244488, 9400069616
* മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഓഫീസ്: 0492-4225644, 9400069614
* പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസ്: 0491-2539260, 9400069430
* ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസ്: 0462-3222272, 9400069610
* ആലത്തൂർ എക്സൈസ് സർക്കിൾ ഓഫീസ്: 0492-2222474, 9400069612
* എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്: 0491-2526277

ഒന്നരമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 215 അബ്കാരി കേസുകള്‍

ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി 215 അബ്കാരി കേസുകളും 53 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തതായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു അറിയിച്ചു.ഈ കേസുകളുമായി ബന്ധപ്പെട്ട് 229 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പിടിച്ചെടുത്തവയില്‍ 729.130 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 24 ലിറ്റർ ബിയർ, 53.5 ലിറ്റർ ചാരായം, 8559 ലിറ്റർ വാഷ്, 73.5 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യം, 10.5 ലിറ്റർ കള്ള് എന്നിവ ഉൾപ്പെടുന്നു. മയക്കുമരുന്ന് വിഭാഗത്തിൽ 53.005 കിലോഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടികൾ, 1181.356 ഗ്രാം ഹാഷിഷ് ഓയിൽ, 

100.65 ഗ്രാം എം.ഡി.എം.എ, 125 മില്ലിഗ്രാം മെത്താഫിറ്റമിൻ, 11 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും  പിടിച്ചെടുത്തിട്ടുണ്ട്. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 771 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 198.726 കിലോഗ്രാം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisment