കുറി നടത്തി പണം കണ്ടെത്തി, ചിറ്റൂരിൽ നിന്ന് യാത്ര തിരിച്ചത് 13 പേർ; മടക്കം നാലുപേരുടെ ജീവനറ്റ ശരീരവുമായി

New Update
kashmir

പാലക്കാട്: പാലക്കാട് ചിറ്റൂരിനെ ഒന്നടങ്കം വേദനയിലാക്കിക്കൊണ്ടാണ് കശ്മീരിലെ സോജില പാസില്‍ നിന്നുള്ള കാര്‍ അപകടത്തിന്റെ വാര്‍ത്ത എത്തുന്നത്. കാര്‍ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ 4 വിനോദസഞ്ചാരികളാണ് മരിച്ചത്.

Advertisment

പരിക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.  കുറി നടത്തി കിട്ടിയ പണവുമായാണ് ചങ്ങാതിക്കൂട്ടംഇവര്‍ ചിറ്റൂരില്‍ നിന്ന് തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. 13 പേര്‍ ഒന്നിച്ചു പുറപ്പെട്ട യാത്രയില്‍ ഇനി ആ നാലു പേര്‍ ഇല്ല. 

ശ്രീനഗര്‍ലേ ഹൈവേയില്‍ ഇന്നലെ വൈകിട്ടു നാലരയോടെയുണ്ടായ അപകടത്തില്‍ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളും അയല്‍ക്കാരുമാണ് ഇവര്‍. മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി.

ചിറ്റൂരില്‍ നിന്നു 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടത്. കശ്മീരിലേക്കായിരുന്നു യാത്ര. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ യാത്രകള്‍ നടത്തുന്നുണ്ട്.  സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്.

പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് കാര്‍ റോഡില്‍ നിന്നും തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. നേരത്തേ ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം. 

മരിച്ച അനില്‍ നിര്‍മാണത്തൊഴിലാളിയാണ്. സൗമ്യ ഭാര്യയാണ്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുല്‍. ഭാര്യ നീതു. സര്‍വേ ജോലി ചെയ്യുന്നയാളാണു സുധീഷ്. ഭാര്യ  മാലിനി. കടയിലെ ജീവനക്കാരനാണു വിഘ്‌നേഷ്. മൃതദേഹങ്ങള്‍ വൈകാതെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു.

Advertisment