കള്ളക്കുറിച്ചി മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള - തമിഴ്നാട് ഉദ്യോഗസ്ഥ മീറ്റിംഗ് നടത്തി; അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ തീരുമാനം

New Update
V

പാലക്കാട്: കള്ളക്കുറിച്ചി മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള എക്സൈസ് - പോലീസ് അന്തർ സംസ്ഥാന മീറ്റിംഗ് നടത്തി. 

Advertisment

ഓൺലൈൻ മുഖേനയായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. തമിഴ്നാട് കള്ള കുറിച്ചി മദ്യം ദുരന്ത പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അടിയന്തര മീറ്റിംഗ് നടത്തിയത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

പാലക്കാടുമായി അതിർത്തി പങ്കിടുന്ന കോയമ്പത്തൂർ ജില്ലയിലെ ആനമല, പുതുർ, വാളയാർ, ആനക്കട്ടി, മീനാക്ഷിപുരം, ഗോപാലപുരം,കാറമട പ്രദേശങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ഡിവൈഎസ്പി മാർ അടക്കമുള്ള തമിഴ് നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാലക്കാട് എ എസ് പി.അശ്വതി ജിജി ഐ പി എസ് അടക്കമുള്ള കേരള അതിർത്തി മേഖലയിലെ കേരള പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും, കോയമ്പത്തൂർ പ്രോഹിബിറ്റേഷൻ വിഭാഗത്തിലെ ജില്ലാ മേധാവി അടക്കമുള്ള വരും, എക്സൈസിലെ പാലക്കാട്, ചിറ്റൂർ, കൊല്ലംകോട്, നെന്മാറ, അഗളി, മണ്ണാർക്കാട് , എക്സൈസ് നാർക്കോട്ടിക് ജില്ലാതല സ്കോഡ് അടക്കമുള്ള ഉദ്യോഗസ്ഥരും പാലക്കാട് ജില്ലയിലെ 9 എക്സൈസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരും മീറ്റിംഗിൽ പങ്കെടുത്തു.

അതിർത്തി പ്രദേശങ്ങളിലെ പരിശോധനകൾ ശക്തിപ്പെടുത്തുവാനും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറുവാനും കള്ള് ചെത്തുതോട്ടം അടക്കം പ്രദേശങ്ങളിൽ പരിശോധനകൾ ശക്തിപ്പെടുത്തുവാനും യോഗത്തിൽ തീരുമാനമെടുത്തു.

ജില്ലയിൽ യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ കേരള, തമിഴ്നാട് പോലീസിന്റെ സഹായത്തോടെ വരും ദിവസങ്ങളിൽ പരിശോധനകൾ കാര്യക്ഷമമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു .

Advertisment