കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതണം: ആഹ്വാനം ചെയ്ത് പാലക്കാട്ടെ കർഷക സംഗമം

New Update
G

പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്ന് പാലക്കാട് ചേർന്ന കർഷകസംഗമം ആഹ്വാനം ചെയ്തു.

Advertisment

പാലക്കാടൻ കർഷക മുന്നേറ്റമാണ് സംഗമം സംഘടിപ്പിച്ചത്. നെല്ലിന്റെ താങ്ങു വില ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത് 28 രൂപയാണ്. എന്നാൽ ഉൽപാദന ചെലവ് വർദ്ധിച്ചത് കൊണ്ട് തന്നെ കർഷകരേ സംബന്ധിച്ചിടത്തോളം 35 രൂപയെങ്കിലും അനുവദിച്ചെങ്കിൽ മാത്രമേ നഷ്ടങ്ങളില്ലാതെ മുന്നോട്ടുപോകാൻ സാധ്യമാവു. കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാന സർക്കാർ വിഹിതവും വർദ്ധിപ്പിക്കേണ്ടതുണ്ട് .

നെല്ലിന്റെ സംഭരണവും കർഷകർക്ക് ലഭിക്കേണ്ട താണു വിലയും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നില്ല. കയറ്റുകൂലി കർഷകരിൽ നിന്നാണ് ഈടാക്കി കൊണ്ടിരിക്കുന്നത്.

വളം, കീടനാശിനി, ലേബർ ചാർജ്, കൊയ്ത്ത് യന്ത്രത്തിന്റെ കൂലി എന്നിവയെല്ലാം വർധിച്ച സാഹചര്യത്തിൽ കർഷകർക്ക് നഷ്ടങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉചിതമായ രൂപത്തിൽ ഇടപെടേണ്ടതുണ്ട്.

എന്നാൽ അതുണ്ടാവാത്തതുകൊണ്ട് കർഷകർ വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വന്യജീവി ശല്യം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

കാർഷിക മേഖല അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണ് കടക്കണിയും ജപ്തി ഭീഷണിയും. വാജ്പോയി സർക്കാർ കൊണ്ടുവന്ന സർഫാസി നിയമം കർഷകരുടെ കിടപ്പാടവും ഭൂമിയും ബാങ്കുകൾക്ക് ജപ്തി ചെയ്യാൻ അവസരം ഒരുക്കി കൊടുക്കുന്നതാണ്. കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഇതുമൂലം ധാരാളം കർഷകൻ രാജ്യത്ത് ജീവനൊടുക്കി.

ഇതേ നിയമവുമായി തന്നെയാണ് ഇപ്പോഴും മോദി സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടി കോടികളുടെ കടം എഴുതിത്തള്ളുമ്പോഴാണ് പാവപ്പെട്ട കർഷകരുടെ കൃഷിഭൂമിയും വീടും ജപ്തി ചെയ്തുകൊണ്ടിരിക്കുന്നത്. കേരള കർഷക കടാശ്വാസ കമ്മീഷൻ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു.

ഇടത് സർക്കാർ കർഷകരുടെ വീടും കൃഷിയിടവും ജപ്തി ചെയ്യാതിരിക്കാൻ പുതിയ നിയമം കൊണ്ടുവന്നെങ്കിലും അതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള നാടകം മാത്രമായിരുന്നു.

2008 മൻമോഹൻസിംഗ് ഗവൺമെന്റ് കർഷകരുടെ കടം എഴുതിത്തള്ളിയത് പോലെ കേന്ദ്രസർക്കാർ കർഷകരുടെ കടം എഴുതി തള്ളണം. എന്നാൽ കർഷക ദ്രോഹ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാർഷിക ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച മോഡി സർക്കാരിൽ നിന്ന് നീതി ലഭിക്കുക എന്നത് അസാധ്യമായ കാര്യമാണ്.

സംസ്ഥാന സർക്കാരും കർഷക ദ്രോഹ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ മുന്നേറ്റമായിരിക്കണം പാലക്കാട് ഉപതിരഞ്ഞെടുപ്പ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ കർഷകർ ശക്തമായി ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്ന് പാലക്കാടൻ കർഷക മുന്നേറ്റം ആഹ്വാനം ചെയ്തു.

Advertisment