/sathyam/media/media_files/OrE1NB41dtkBsQhH4SLK.jpg)
പാലക്കാട്: കശ്മീരിലെ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ്(24) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ഇന്ന് രാവിലെ 10.20 ഓടെയാണ് മരിച്ചത്. സ്ഥലം എംഎൽഎയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കശ്മീരിൽ സോജില പാസിനടുത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. എട്ട് പേർ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. മനോജിന്റെ സുഹൃത്തുക്കളായ വിഘ്നേഷ്, അനിൽ, രാഹുൽ, സുധീഷ് എന്നിവർക്കും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത്. മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു.