/sathyam/media/media_files/vV628i4BnEnCouJLW1dk.jpg)
പാലക്കാട്: പതിനാലാമത് ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഉള്ളടക്കത്തിൻ്റെ ഉൾക്കനം കൊണ്ട് ഏറ്റവും കരുത്തുകൂടിയ മേളയാണ് ഇത്തവണ എന്ന് നിസ്സംശയം പറയാൻ പറ്റും.
തൃശ്ശൂർ വിബ്ജിയോർ ഫെസ്റ്റിവലിൻ്റെ മുഖ്യസംഘാടകരിൽ ഒരാളായ ഫാദർ ബെന്നി ബെനഡിക്റ്റ് തിരഞ്ഞെടുത്ത 15 ൽ അധികം ഡോക്യുമെൻ്ററികൾ, അരുൺ കാർത്തിക് തിരഞ്ഞെടുത്ത ഇന്ത്യൻ അവാങ്-ഗാർദ് സിനിമയുടെ ചരിത്രവും വളർച്ചയും അടയാളപ്പെടുത്തുന്ന 20 സിനിമകൾ, ഇവ രണ്ടും മതി ഇത്തവണത്തെ മേളയുടെ സവിശേഷത ഉറപ്പിക്കാൻ എന്ന് നിരീക്ഷകർ കരുതുന്നു.
ഇന്നു വൈകുന്നേരം ഉദ്ഘാടന ചിത്രമായി ബിയോണ്ട് ഹെയ്റ്റ്രഡ് വീ കീപ്പ് സിങ്ങിങ് പ്രദർശിപ്പിക്കപ്പെടുമ്പോൾ അതും സംഘാടകർക്ക് അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന ഒരു നിമിഷമാകും.
വിബ്ജിയോർ, സൈൻസ്, ഐഡിഎസ്എഫ് കെ തുടങ്ങിയ ഡോക്കുമെൻ്ററികൾക്ക് പ്രാധാന്യമുള്ള ഫിലിം ഫെസ്റ്റിവലുകൾ മാറ്റി നിർത്തിയാൽ ഒരു പക്ഷെ കേരളത്തിൽ ആദ്യമായിട്ടാവും ഒരു ചലച്ചിത്ര മേളയിൽ ഡോക്യുമെൻ്ററി ഫിലിം ഉദ്ഘാടന ചിത്രമായി അവതരിപ്പിക്കപ്പെടുന്നത്.
വരും നാളുകൾ സമരത്തിൻ്റേതാവും, ആവണം എന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് സമാന്തര സമരങ്ങളെ കലയുമായി കൂട്ടിയിണക്കുന്ന ഒരു ഡോക്യുമെൻ്ററി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ ദൃശ്യങ്ങൾ തീർച്ചയായും കാണികളെ അലോസരപ്പെടുത്തും. രാഷ്ട്രീയവും സദാചാരപരവുമായ കാപട്യങ്ങളെ മുറിവേൽപ്പിക്കും.
പി.സായ്നാഥ്, പി.എൻ. ഗോപീകൃഷ്ണൻ, വെങ്കിടേഷ് രാമകൃഷ്ണൻ, സണ്ണി.എം. കപിക്കാട്, വിജയരാജമല്ലിക, ജോളി ചിറയത്ത്, എം.എച്ച്. ഇല്യാസ്, ശീതൾ ശ്യാം, അൻവർ അലി, മുസ്തഫ ദേശമംഗലം, കുട്ടിരേവതി, ജിയോ ബേബി, പ്രിയനന്ദനൻ, ആർ.പി. അമുദൻ, ഖദീജ മുംതാസ് എന്നിങ്ങനെ നിരവധിപ്പേർ ചർച്ചകൾ കൊണ്ടും സാന്നിധ്യം കൊണ്ടും മേളയുടെ അന്തരീക്ഷത്തെ സംവാദമുഖരിതമാക്കും.
ബഹുസ്വരതയുടെ സഹവർത്തിത്വം എന്ന സുന്ദരമായ സ്വപ്നം പങ്കുവെക്കുവാൻ കാഴ്ചയുടെ ഈ അതിസുന്ദരമേളത്തിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us