/sathyam/media/media_files/T0T9TMNxgKC9KOU3nQhl.jpg)
പാലക്കാട്: മുഖ്യമന്ത്രിയുടെ വീട്ടിലെ കന്നുകാലികൾക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും കെ എസ് ആർ ടി സി ജീവനക്കാർക്ക് നൽകണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.
പതിനഞ്ചാം തിയതി ആയിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് ടി എംപ്ലോയീസ് സംഘിൻ്റെ നേതൃത്വത്തിൽ കറുപ്പു വസ്ത്രം ധരിച്ച് പാലക്കാട് കെ എസ് ആർ ടി സി ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുഭരണത്തിൽ ഇരുളടഞ്ഞു പോയ കെ എസ് ആർ ടി സി ജീവനക്കാരൻ്റെ അവസ്ഥയെ സൂചിപ്പിക്കാനാണ് ഇത്തരത്തിൽ കറുപ്പു വസ്ത്രം ധരിച്ച് പ്രതിഷേധിച്ചത്.മാസം 300 കോടിയിലേറെ വരുമാനം ലഭിച്ചിട്ടും സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ എസ് ആർ ടി സി യിലെ ശമ്പളപ്രതിസന്ധിയെന്ന് അദ്ദേഹം ആരോപിച്ചു.
സംഘടന വിശദമായ കണക്ക് ചോദിച്ചിട്ട് ഇതുവരെ അത് നൽകാതിരിക്കുന്നത് എന്തോ മറച്ചുപിടിക്കാനുള്ളതു കൊണ്ടാണ്. കെ എസ് ആർ ടി സി യിലെ ഏറ്റവും ഒടുവിലെ പരിഷ്കാരമായ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ടു പോലും നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.
കെ എസ് ആർ ടി സി യിലെ അഴിമതി ആരോപണങ്ങൾ ഒരു സ്വതന്ത്ര സമിതിയെ കൊണ്ട് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം. മുരുകേശൻ സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി കെ. ശശാങ്കൻ നന്ദിയും പറഞ്ഞു.
ഗാരേജിൽ നിന്നും ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ എം.അനീഷ്,പി.പ്രമോദ്, കമ്മിറ്റി അംഗങ്ങളായ യു. തുളസീദാസ്,ചന്ദ്രപ്രകാശ്, കെ.വിനോദ്, സി.കെ. സുകുമാരൻ, ഇ.എസ്.സുദേവൻ, കെ.അനിൽകുമാർ,വി.രാജഗോപാൽ,കെ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us