/sathyam/media/media_files/2024/11/14/8kZZWB2R0fqsi8Axu5x5.jpg)
പാലക്കാട്: 140 കിലോമീറ്ററിനു മുകളിൽ സർവ്വീസ് നടത്താനുള്ള അവകാശം കെ എസ് ആർ ടി സി യിൽ നിന്നും കവർന്നെടുക്കാൻ ഇടതു സർക്കാരും സ്വകാര്യ ബസ് മുതലാളിമാരും തമ്മിലുള്ള ഗൂഢാലോചന കെ എസ് ആർ ടി സി യെ ഇല്ലാതാക്കുമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.രാജേഷ് പറഞ്ഞു.
കെ എസ് ആർ ടി സിയെ സ്വകാര്യ കുത്തകകൾക്ക് പതിച്ചു നൽകുന്ന ഇടതു നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി ഡിപ്പോകളിൽ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരത്തിൻ്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാഭകരമായ ദീർഘദൂര സർവ്വീസുകൾ സ്വകാര്യ കുത്തകകൾക്ക് പതിച്ചു നൽകുന്ന സർക്കാർ നയം കെ എസ് ആർ ടി സി യെ മറ്റൊരു മുനമ്പമാക്കി മാറ്റുമെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധത്തിന് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ശമ്പളം നൽകാതെ ജീവനക്കാരനെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്ന ഫാസിസമാണ് കേരളത്തിൽ നടക്കുന്നത്. ഇതിൻ്റെ മറവിൽ കെ എസ് ആർ ടി സി ക്ക് കുരുക്കു മുറുക്കുന്ന സർക്കാർ നയം തിരുത്താൻ തയ്യാറായില്ലെങ്കിൽ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു,ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ എന്നിവർ സംസാരിച്ചു. എം.കണ്ണൻ, വി.വിജയൻ, എം.മുരുകേശൻ, സി.കെ.സുകുമാരൻ, ഇ.ശശി, വി.രാജഗോപാലൻ, ആർ.ശിവകുമാർ, എ.വിനോദ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us