ചുറ്റിനും വെള്ളക്കെട്ട്, വൈദ്യുതി ബന്ധവും നിലച്ചു, ശക്തമായ കാറ്റടിച്ചാൽ വീഴാൻ പോന്ന കുടിലുകൾ; ജീവിതം ഇരുട്ടിലായി മലമ്പുഴയിൽ ആറ് കുടുംബങ്ങൾ

New Update
H

മലമ്പുഴ: ചുറ്റിനും വെള്ളക്കെട്ട്, ശുദ്ധജല വിതരണം തകരാറിൽ, വൈദ്യുതി ബന്ധവും നിലച്ചു. മേൽക്കൂര ചോർന്നൊലിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ കാറ്റടിച്ചാൽ വീഴാൻ പോന്ന കുടിലുകൾ. ഒട്ടും സുരക്ഷിതമല്ലാതെ ജീവിതം ഇരുട്ടിലായി മലമ്പുഴയിൽ ആറ് കുടുംബങ്ങൾ.

Advertisment

മലമ്പുഴ അകമലവാരത്ത് പൂക്കുണ്ട് പ്രദേശത്താണ് രാജൻ, മണി, ശാരദ, സുദേവൻ, വിശ്വനാഥൻ, ഷിബു എന്നിവരുടെ കുടുംബങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടത്. ചെറിയ കുട്ടികൾ ഉൾപ്പടെ ഇരുപതോളം പേരാണ് ദുരിതത്തിൽ കഴിയുന്നത്. ആറു വർഷമായി ഇവിടെ താമസിച്ചു വരുന്നു. കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവർ വെള്ളത്തിൽ ജീവിതം തള്ളി നീക്കാൻ തുടങ്ങിയിട്ട്.

ഒഴുക്കില്ലാത്ത മലിന ജലത്തിൽ നിന്നും സാംക്രമിക രോഗങ്ങൾ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. രോഗങ്ങൾ വരാതിരിക്കാനുള്ള മുൻ കരുതലുകളോ, സംവിധാനങ്ങളോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചതായി കാണുന്നില്ല.

 മലമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തോട് ചേർന്ന പൂക്കുണ്ട്. കഴിഞ്ഞ ഒന്നര മാസമായി വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇവിടം വെള്ളത്തിലായത്.

നാലു ദിവസം മുൻപ് ഇവിടേയ്ക്കുള്ള വൈദ്യുതി ബന്ധം കെ എസ് ഇ ബി വിഛേദിക്കുകയുണ്ടായി.സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ബന്ധം വിഛേദിച്ചത്.

മലമ്പുഴ അണക്കെട്ടിൽ ജലവിതാനം പരമാവധി സംഭരണശേഷിയിലെത്തിയതോടെ വൃഷ്ടിപ്രദേശത്തോട് ചേർന്ന പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകളുണ്ട്. അണക്കെട്ട് തുറന്ന് വിട്ടെങ്കിലും മഴ കുറഞ്ഞ് വെള്ളം വാർന്നു പോയാൽ മാത്രമേ സ്ഥിതി മെച്ചപ്പെടുകയുള്ളുവെന്ന്പ്രദേശവാസികൾ പറയുന്നു.സുരക്ഷിതമായ സംവിധാനം ഒരുക്കുന്നതു് വരെ ഇവരെ ക്യാമ്പുകളിലേയ്ക്ക് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

സ്ഥലത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.വൈദ്യുതി ബന്ധം വിഛേദിച്ചത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ എർത്ത് അപകടം ഒഴിവാക്കുന്നതിനാണ്.സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ വൈദ്യുതി പുനസ്ഥാപിക്കുമെന്നും കെ എസ് ഇ ബി അധികൃതർ പറഞ്ഞു.

പൂക്കുണ്ടിലെ താമസക്കാരുടെ പ്രശ്നം ഗൗരവമേറിയതാണ്. രോഗങ്ങൾ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മലമ്പുഴ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ടി.കെ.ജയപ്രസാദ് പറഞ്ഞു.

പൂക്കുണ്ടിലെ പ്രശ്നബാധിത മേഖലയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതുൾപ്പടെയുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്ന് വാർഡ് മെമ്പർ അഞ്ജു ജയൻ പറഞ്ഞു.

Advertisment