മലമ്പുഴ പോലീസ് സ്റ്റേഷന്റെ 'ലക്ഷ്യം വരെ മുന്നോട്ട് ' പിഎസ്‌സി കോച്ചിംഗ് സെന്ററിൽ പഠിച്ച് സിവിൽ പോലീസ് ഓഫീസറായ വിനുവിനെ ആദരിച്ചു

New Update
G

മലമ്പുഴ: മലമ്പുഴ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടക്കുന്ന 'ലക്ഷ്യം വരെ മുന്നോട്ട് ' എന്ന പിഎസ്‌സി കോച്ചിംഗ് ക്ലാസിൽ നിന്നും പോലീസ് ഡിപ്പാർട്ട്മെന്റിലേക്ക് നേരിട്ട് സീനിയർ സിവിൽ പോലീസ് ഓഫീസർ ആയി നിയമനം കിട്ടിയ വിനുവിനെ ആദരിച്ചു.

Advertisment

ആനക്കൽ സ്കൂളിന് സമീപമുള്ള പഠന കേന്ദ്രത്തിൽ വച്ചാണ് ആദരവ് ചടങ്ങ് നടന്നത്. ചടങ്ങിൽ മലമ്പുഴ എസ് എച്ച് ഒ എം സുജിത്ത് മെമെന്റോ നൽകി.

ചടങ്ങിൽ പാലക്കാട് കേരള പോലീസ് ഓഫീസർ അസോസിയേഷൻ സെക്രട്ടറി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എ എസ് ഐ ശ്രീധരൻ, ജനമൈത്രി ബീറ്റ് ഓഫീസർ രമേഷ്, മലമ്പുഴ സ്കൂൾ അധ്യാപകൻ മുരുകൻ എന്നിവർ സംസാരിച്ചു.

തുടക്കത്തിൽ പത്തു കുട്ടികളുമായി തുടങ്ങിയ സൗജന്യ പിഎസ്‌സി കോച്ചിംഗ് ഇപ്പോൾ 35 കുട്ടികൾ ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ചെറുപ്പക്കാരെ സർക്കാർ ജോലി നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം വരെ മുന്നോട്ട് എന്ന പദ്ധതി കൊണ്ട് പോലീസ് ഉദ്ദേശിക്കുന്നത്.

നിലവിൽ പരിശീലനത്തിന് വരുന്ന കുട്ടികളിൽ നാലു പേര് വിവിധ റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയിട്ടുണ്ട്. പോലീസിന്റെ ഈ പ്രവർത്തനത്തിന് സമീപവാസികളിൽ നിന്നും, പഞ്ചായത്തിൽ നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisment