പൊന്നാനി: കർമ്മ റോഡിലെ ഭാരതപ്പുഴയിൽ നിന്നും ഒഴുകിപ്പോയ സഞ്ചാര ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ ജീവനക്കാരനെ സ്വന്തം തോണിയിൽ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് രക്ഷപ്പെടുത്തിയ ഉൾനാടൻ മത്സ്യത്തൊഴിലാളി ഉള്ളാട്ടിൽ ജലീലിനെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
പുഴയുടെ മധ്യത്തിലുള്ള വിഷജന്തുക്കളുടെ സാന്നിധ്യമുള്ള തുരുത്തിൽ കയറാതെ പുഴയോട് ചേർന്ന് കിടക്കുന്ന മരത്തിൻ്റെ വള്ളിയിലാണ് വിനോദ് ഒന്നര മണിക്കൂറോളം അഭയം തേടിയത്. പോലീസിനും, ഫയർഫോഴ്സിനും ശക്തമായ ഒഴുക്കിൽ രക്ഷപ്പെടുത്തുവാൻ പ്രയാസപ്പെട്ട് നിൽക്കുമ്പോഴാണ് പുഴയുടെ മധ്യത്തിലുള്ള തുരുത്തിൽ നിന്നും വിനോദിനെ രക്ഷിച്ചെടുത്തത്.
2018ലും 19ലും പ്രളയം വന്നപ്പോൾ വീടിനകത്ത് അകപ്പെട്ട നിരവധി ആളുകളെയാണ് അന്നും തോണിയിൽ ജലീൽ രക്ഷപ്പെടുത്തിയത്. പൊന്നാനി തഹസിൽദാർ അന്ന് ജലീലിനെ അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.