മേനോൻ പാറ പ്ലാൻ്റിലേക്ക് കേരള മദ്യ നിരോധന സമിതി പ്രതിഷേധ മാർച്ച് നടത്തി

യു.ഡി. എഫ് . സർക്കാരിൻ്റെ കാലത്തെ 29  ബാർ ഹോട്ടലുകൾ എന്നത് ഇടത് പക്ഷ സർക്കാരിൻ്റെ കാലത്ത് 751 ആയി ഉയർന്നു

New Update
Untitledagan

പാലക്കാട്: "ജവാൻ  "മദ്യ നിർമ്മാണം തുടങ്ങുന്നതിൻ്റെ  ഭാഗമായി മേനോൻപാറയിൽ മലബാർ ഡിസ്റ്റിലറിയിൽ ബ്ലെൻഡിങ്ങ് ആൻഡ് ബോട്ട്ലിങ്ങ് പ്ലാൻ്റിൻ്റെ നിർമ്മാണോദ്ഘാടനം ( തറക്കല്ലിടൽ) നടക്കുന്ന സ്ഥലത്തേക്ക് കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ  ജനകീയ പ്രതിഷേധ മാർച്ച് നടത്തി.

Advertisment

"ഇൻഡ്യൻ സൊസൈറ്റി ഫോർ ഹ്യൂമൺ വെൽഫയർ ആൻഡ് റൈറ്റ്സ് "എന്ന സംഘടന മാർച്ചിന് പിന്തുണ നൽകി. മേനോൻപാറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പ്ലാൻ്റിൻ്റെ കവാടത്തിൽ വെച്ച് പോലീസ് തടഞ്ഞു.


കേരള മദ്യ നിരോധന സമിതി പാലക്കാട്  ജില്ലാ പ്രസിഡൻ്റ് വിളയോടി വേണുഗോപാൽ പ്രതിഷേധ മാർച്ചിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മദ്യത്തിൻ്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കുമെന്ന് പറഞ്ഞ് പ്രകടന പത്രിക ഇറക്കി അധികാരത്തിൽ വന്ന ശേഷം പൊതുജനങ്ങളെ വഞ്ചിക്കുന്ന നയമാണ് ഇടതു പക്ഷ സർക്കാർ നടത്തിവരുന്നതെന്ന് ആരോപിച്ച അദ്ദേഹം  ഇതിനെ ശക്തമായി ചെറുക്കുമെന്നും  പ്രഖ്യാപിച്ചു.


യു.ഡി. എഫ് . സർക്കാരിൻ്റെ കാലത്തെ 29  ബാർ ഹോട്ടലുകൾ എന്നത് ഇടത് പക്ഷ സർക്കാരിൻ്റെ കാലത്ത് 751 ആയി ഉയർന്നു  . ഈ ഭരണകാലത്ത് 250 ഔട്ട്ലെറ്റുകളും അധികമായി ആരംഭിച്ചതായും അദ്ദേഹം  ആരോപിച്ചു.

മദ്യം ഒഴുക്കി സർക്കാർ ജനാധിപത്യത്തെ മദ്യാധിപത്യമായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ആനമല  മഹാത്മാ ഗാന്ധി ആശ്രമം പ്രസിഡൻ്റ് അഡ്വ. രംഗനാഥൻ സമരക്കാരെ പോലീസ് തടഞ്ഞ സ്ഥലത്ത് വെച്ച് അഭിസംബോധന ചെയ്തു.


സർക്കാരിൻ്റെ തെറ്റായ നയത്തെ ഗാന്ധിയൻ മാർഗ്ഗത്തിൽ ശക്തമായി  എതിർക്കുന്ന കേരള മദ്യനിരോധന സമിതിയുടെ പ്രവർത്തനം ആശാവഹമാണെന്നും പ്രൊഫ. എം.പി മൻമഥൻ്റെ മദ്യ നിരോധന ലക്ഷ്യം നിശ്ചയദാർഢ്യത്തിലൂടെ കേരള മദ്യ നിരോധന സമിതിക്ക് നേടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.


കേരള മദ്യ നിരോധന സമിതി സംസ്ഥാന കൺവീനർ പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു . ബാലചന്ദ്രൻ പുതു വയൽ, രാധാകൃഷ്ണൻ പാറ, മുഹമ്മദ് ബഷീർ . എം , ശിവകുമാർ. ജെ. വണ്ണാമട, അക്ബർ ബാദുഷ. എച്ച്.,പി.വി. ശ്രീനാഥ് കടമ്പഴിപ്പുറം , സന്തോഷ് മലമ്പുഴ ,സെയ്ത് മുഹമ്മദ് പിരായിരി, പത്മ മോഹൻ, കെ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment