/sathyam/media/media_files/CGUzEeFDAFaXXpwWSXrd.jpg)
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.പാർട്ടി പ്രവർത്തകരടക്കമുള്ള ജനങ്ങളെ ആവേശത്തിരകളാക്കി മാറ്റി. പുഷ്പ വർഷം നടത്തി പ്രവർത്തകർ സന്തോഷവും ബഹുമാനവും പ്രകടിപ്പിച്ചു.
അഞ്ചുവിളക്ക് പരിസരത്തുനിന്ന് 10.45-ഓടെ ആരംഭിച്ച റോഡ്ഷോ, 11.20-ഓടെ ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് അവസാനിച്ചു.
ഇന്ന് രാവിലെ 10.25 ഓടെ മേഴ്സി കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങിയ മോദിയെ പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് എസ്.പി.ജി, പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് മാർഗ്ഗം കോട്ടമൈതാനത്തിന് മുന്നിൽ എത്തിയ മോദിക്ക് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പാലക്കാട് ലോക്സഭാ മണ്ഡലം ബി. ജെ. പി. സ്ഥാനാർഥി സി. കൃഷ്ണകുമാർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പാലക്കാട് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ, പൊന്നാനി മണ്ഡലം സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ തുടങ്ങിയവർ റോഡ്ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു.
പാതയ്ക്കിരുവശവും നിന്ന പ്രവർത്തകർ പുഷ്പവൃഷ്ടിയോടെയും വാദ്യമേളങ്ങളോടെയുമാണ് മോദിക്ക് വരവേൽപ്പ് നൽകിയത്. പാലക്കാട്ടെ റോഡ്‌ഷോ പൂർത്തിയാക്കിയ പ്രധാനമന്ത്രി സേലത്തേക്ക് തിരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us