ദേശീയ നവജാത ശിശു വാരാചരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നടന്നു

'നവജാത ശിശു സുരക്ഷ: എല്ലാ കുഞ്ഞുങ്ങള്‍ക്കും എല്ലാ സ്പര്‍ശനത്തിലും എല്ലാ സമയത്തും' എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ ആപ്തവാക്യം.

New Update
national newborn week celebration

ഒറ്റപ്പാലം: ദേശീയ നവജാത ശിശു വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ കെ അനിത നിര്‍വഹിച്ചു.  

Advertisment

പാലക്കാട് ജില്ല മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വാരാചരണം സംഘടിപ്പിച്ചത്. 

'നവജാത ശിശു സുരക്ഷ: എല്ലാ കുഞ്ഞുങ്ങള്‍ക്കും എല്ലാ സ്പര്‍ശനത്തിലും എല്ലാ സമയത്തും' എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ ആപ്തവാക്യം.

ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ. പത്മേഷ് വടക്കേപ്പാട്ട് 'നവജാത ശിശു പരിചരണം ആശുപത്രികളിലും വീടുകളിലും' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. 

ശിശുരോഗ വിദഗ്ധന്‍ ഡോ. ഫ്രാന്‍സിസ് ജോസ്, ഗൈനക്കോളജിസ്റ്റ് ഡോ. എമി ഗ്ലോബിന്‍, നഴ്‌സിങ് സൂപ്രണ്ട് സുജാത, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ടി പി രമ, ആശുപത്രി പി പി യൂണിറ്റ് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്‍ പ്രീത, ജില്ലാ ആര്‍ ബി എസ് കെ കോര്‍ഡിനേറ്റര്‍, ആശ കോര്‍ഡിനേറ്റര്‍, ജില്ലയിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍മാര്‍, നഴ്‌സിങ് ഓഫീസര്‍മാര്‍, ആര്‍ ബി എസ് കെ നഴ്‌സുമാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

national newborn week celebration-2

നവംബര്‍ 15 മുതല്‍ 21 വരെയാണ് നവജാത ശിശു വാരമായി ആചരിക്കുന്നത്. നവജാത ശിശുസംരക്ഷണത്തിനും  പരിപാലനത്തിനും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

  • കുഞ്ഞ് ജനിച്ച ഉടന്‍തന്നെ മുലപ്പാല്‍ നല്‍കുക.
  • പ്രത്യേകിച്ചും ആദ്യ പാല്‍ (കൊളസ്ട്രം) കുഞ്ഞിന് വളരെയധികം ഗുണകരമാണ് (രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും)
  • ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക.
  • കുഞ്ഞിനെ തൊടുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
  • കുഞ്ഞിന്റെ വസ്ത്രങ്ങള്‍ വേര്‍തിരിച്ച് കഴുകി, വെയിലത്തിട്ട് ഉണക്കണം.
  • ചര്‍മരോഗങ്ങള്‍ ഒഴിവാക്കാന്‍ നാപ്കിന്‍/ഡയപ്പര്‍ നനഞ്ഞ ഉടന്‍ മാറ്റണം
  • ദേഹത്ത് പുരട്ടാനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
  • കുഞ്ഞുങ്ങളുടെ ചെവിയിലും മൂക്കിലും എണ്ണയോ മറ്റു ദ്രാവകങ്ങളോ ഒഴിക്കരുത്.
  • നവജാതശിശു ദിവസത്തില്‍ 16 -18 മണിക്കൂര്‍ വരെ പല പ്രാവശ്യമായി ഉറങ്ങും.
  • പൊക്കിള്‍ക്കൊടി 7-14 ദിവസത്തിനകം സ്വാഭാവികമായി ഉണങ്ങി വീഴും. ആ ഭാഗം വൃത്തിയായി, വരണ്ട നിലയില്‍ സൂക്ഷിക്കുക, വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ ദ്രാവകങ്ങളോ പുരട്ടാതിരിക്കുക
  • ചോരയോ ദ്രവമോ കാണുന്നുവെങ്കില്‍ ഡോക്ടറെ കാണുക.
  • കുഞ്ഞിന് ലഭിക്കേണ്ട വാക്സിനുകള്‍ സമയബന്ധിതമായി നല്‍കുക.
  • കുഞ്ഞ് അസ്വസ്ഥത കാണിച്ചാല്‍, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണുക.
Advertisment