പാലക്കാട്: പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശം.
പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. നവകേരള സദസിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ അധ്യാപകര്‍സപങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി. ഉച്ചയ്ക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാല്‍ മതിയെന്നാക്കി ഉത്തരവ് തിരുത്തി.
അതേസമയം നവകേരളാ സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരായ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുട്ടികളെ കാഴ്ച്ച വസ്തുക്കളാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.
എല്ലാ കുട്ടികളെയും വി.ഐ.പികളായി പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഹെഡ്മാസ്റ്റര്‍മാര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.