/sathyam/media/media_files/2025/10/04/bjp-press-meet-2025-10-04-20-35-03.jpg)
പാലക്കാട്: പാലക്കാട് മോയൻ സ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെയും ഇന്‍ഡോര്‍ സ്റ്റേഡിയ നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെയും ബിജെപി പ്രക്ഷോഭം ആരംഭിക്കും.
രണ്ട് പദ്ധതികളുടെയും നിശ്ചലാവസ്ഥക്ക് കാരണം പാലക്കാട്ടെ ജനപ്രതിനിധികൾ. പദ്ധതികളെക്കുറിച്ച് അന്വേഷണം വേണമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് ശശികുമാർ എം ആവശ്യപ്പെട്ടു.
2015 ൽ ആരംഭിച്ച മോയൻ ഹയർ സെക്കന്ററി സ്കൂൾ ഡിജിറ്റലൈസേഷന് 10 വർഷത്തിനകത്ത് 8 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി പൂർത്തിയാക്കാനായില്ല.
പദ്ധതിക്കായി വാങ്ങിക്കുട്ടിയ ലക്ഷങളുടെ പ്രൊജക്ടറുകൾ, ക്യാമറകൾ, അനുബന്ധ ഉപകരണങ്ങൾ ഉൾപ്പടെ ക്ലാസ് മുറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എഐ സാങ്കേതിക വിദ്യയും വെർച്വൽ സാങ്കേതിക വിദ്യയും പഠനമുറികളിൽ സജീവമാവുമ്പോഴാണ് മോയൻസിലെ ഡിജിറ്റൽ പദ്ധതി 10 വർഷമായിട്ടും എങ്ങുമെത്താതിരിക്കുന്നത്.
സർക്കാർ അടിക്കടി മാറ്റുന്ന നയങ്ങളും ജനപ്രതിനിധികളുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയത്തിനെ പുറകോട്ടടിച്ചത്.
പതിമൂന്നേക്കാൽ കോടി എസ്റ്റിമേറ്റ് തയാറാക്കി 2010 ൽ ആരംഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി എങ്ങുമെത്താത്തതിന് പിന്നിലും സർക്കാറിന്റെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമില്ലായ്മയാണ്.
എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് കായിക വകുപ്പ് ഉൾപ്പടെ ഫണ്ട് അനുവദിച്ചിട്ടും ഇന്‍ഡോര്‍ സ്റ്റേഡിയം പൂർത്തിയാവാത്തത് എന്തുകൊണ്ടെന്ന് അധികൃതർ വ്യക്തമാക്കണം.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം പൂർത്തിയാക്കുമെന്ന് കായിക മന്ത്രി പ്രഖ്യാപിച്ച് കാലങ്ങളായെങ്കിലും ഒരു ഇഷ്ടിക പോലും വെച്ചിട്ടില്ല.
പണി പൂർത്തിയാവാത്ത സ്റ്റേഡിയം റൂമുകൾ വാടകക്ക് കൊടുത്ത വകയിൽ കോടികളും സ്റ്റേഡിയം വാടകക്ക് കൊടുത്ത വകയിൽ ലക്ഷങ്ങൾ കിട്ടിയിട്ടും അധികൃതർ കാണിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്.
ഇന്റോർ സ്റ്റേഡിയം നടത്തിപ്പാനായി രൂപികരിച്ച സൊസൈറ്റി പിരിച്ചു വിടുകയും അന്വേഷണം നടത്തുകയും വേണം. പാലക്കാടിന്റെ അഭിമാന പദ്ധതികൾ തകർത്തവർക്കെതിരെ പ്രക്ഷോഭമാരംഭിക്കും.
നവരാത്രി മഹോത്സവത്തിന് സംഘടിപ്പിച്ച ബൊമ്മക്കൊലു മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നവബർ 10 ന് നടത്തുമെന്നും ശശികുമാർ പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ മിലൻ ആര്‍.ജി, അശോക് ആര്‍, സ്പോർട്ട് സെൽ സംസ്ഥാന കോർഡിനേറ്റർ നവിൻ വടക്കന്തറ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.