/sathyam/media/media_files/2025/10/05/souhrudam-desheeyavedi-2025-10-05-18-35-56.jpg)
പൊൽപ്പുള്ളി: "ധീരൻ ചിന്നമല"യുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ കഥപറയുന്ന നാടകം അരങ്ങിലെത്തിച്ച് സൗഹൃദം ദേശീയവേദി .
പൊൽപ്പുള്ളിയിലെ ഇ.എം.എസ് ഗ്രന്ഥശാലയുടെ രണ്ടാം വാർഷിക ആഘോഷത്തിൽ പ്രത്യേക ഇനമായിട്ടാണ് നാടകം അരങ്ങിലെത്തിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരൻ മുഖ്യനായിരുന്നു ധീരൻ ചിന്നമലൈ.
ബ്രിട്ടീഷുകാരെ നിരവധി തവണ അദ്ദേഹം തോൽപ്പിച്ചു. അദ്ദേഹത്തിൻ്റെ വിശ്വസ്തനായ അനുചരൻ നല്ലപ്പൻ ചിന്നമലയെ ഒറ്റു കൊടുത്തു. ബ്രിട്ടീഷുകാർ ചിന്നമലയേയും സംഘത്തേയും പിടികൂടി.
അവരുടെ ആധിപത്യം അംഗീകരിച്ചാൽ വെറുതെ വിടാൻ തയ്യാറായിരുന്നു. പക്ഷേ അതിനെ ധീരനും കൂട്ടരും പുച്ഛിച്ചു തള്ളി. ഒടുവിൽ ധീരനും രണ്ടു സഹോദരൻമാരും സൈന്യാധിപനും തുക്കിലേറ്റപ്പെട്ടു.
ബ്രിട്ടീഷുകാർ ധീരൻ്റെ വീര ചരിത്രം മൂടിവയ്ക്കാൻ രേഖകൾ നശിപ്പിച്ചുവെങ്കിലും ചരിത്ര യാഥാർത്ഥ്യം നാടൻ കലകളിലൂടെയാണ് വേരറ്റു പോകാതെ നിലനിന്നത്.
ധീര ദേശാഭിമാന പോരാട്ടങ്ങളുടെ കഥ നാടക രൂപത്തിൽ ജനങ്ങളിലേക്കെത്തിക്കാനുള്ള സൗഹൃദം ദേശീയ വേദിയുടെ സമർപ്പണമാണ് ഈ ചരിത്രം അരങ്ങിലെത്താൻ തുണയായത്.
പി.വി. സഹദേവൻ രചനയും സംവിധാനവും നിർവ്വഹിച്ചു. ഗോപാലകൃഷ്ണൻ എസ്, ശെന്തിൽകുമാർ എസ്, ബാബു എം, സുഭാഷ് വി, ശശികുമാർ ജി, ധനശേഖർ വി, നടരാജൻ എം, മുരുകേശൻ കെ എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവനേകിയത്.
സതീഷ് അണ്ണാമലൈ സംഗീത സംവിധാനം നിർവ്വഹിച്ചു. ഗോപാലകൃഷ്ണൻ എസ് കലാ സംവിധാനം നിർവ്വഹിച്ചു. സതീഷ് വി, രാജേഷ് എം എന്നിവർ ഏകോപനം നടത്തി.
പൂർണ്ണമായും തമിഴിൽ ആണ് നാടകം അവതരിപ്പിച്ചത്. അന്യഭാഷയിൽ വളരെ ഒറിജാനിലിറ്റിയിൽ അവതരിപ്പിക്കപ്പെട്ട നാടകം സഹൃദയരുടെ പ്രശംസ നേടി. സ്ക്രിപ്റ്റ്, അവതരണം, അഭിനയ മികവ്, കലാ സംവിധാനം സംഗീതം തുടങ്ങി സമഗ്രമായി തന്നെ മികവ് പുലർത്തിയ നാടകത്തിന് കാണികളുടെ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
ഈ നാടകത്തിലെ മുഴുവൻ കലാകാരൻമാരേയും പൊൽപ്പുള്ളി ഇ.എം.എസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികൾ ആദരിച്ചു.
ജനാധിപത്യത്തിലെ വിപ്ലവ നക്ഷത്രമായ ഇ.എം.എസിൻ്റെ ഓർമ്മയിൽ സ്ഥാപിതമായ ഗ്രന്ഥശാലയുടെ വാർഷികത്തിൻ്റെ ഭാഗമായി ഒരു ധീരൻ്റെ വീര പോരാട്ട ചരിത്രം ജനങ്ങളിലേക്കെത്തിക്കുന്നതിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് ചരിത്രത്തിൻ്റെ കാവ്യ നീതിയാണെന്ന് സൗഹൃദം ദേശീയ വേദിയുടെ നാടക പ്രവർത്തകർ വിലയിരുത്തി.
കഴിഞ്ഞ ആഗസ്റ്റ് 15 ന് പാലക്കാട് ടാപ് നാടക വേദിയുടെ അൻപതാം വാർഷികത്തിലെ അൻപത് നാടകങ്ങളിൽ ആദ്യ നാടകമായി "പെരിയ മലൈ പോരാട്ടം" എന്ന പേരിൽ അവതരിക്കപ്പെട്ട ഈ നാടകം ശ്രദ്ധേയമായിരുന്നു.
രംഗങ്ങൾ കൂട്ടി ചേർത്ത് പുന: രാവിഷ്ക്കരിച്ചാണ് ഈ നാടകം പൊൽപ്പുള്ളിയിൽ അവതരിപ്പിച്ചത്. പല ഭാഗത്തുനിന്നുള്ള ക്ഷണം സ്വീകരിച്ചും സവിശേഷ അവതരണ സാധ്യത വിപുലപ്പെടുത്തിയും കൂടുതൽ വേദികളിലൂടെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമം തുടർന്ന് വരികയാണെന്ന് സൗഹൃദ വേദിയുടെ നാടക പ്രവർത്തകർ പറഞ്ഞു.