/sathyam/media/media_files/2025/10/15/bms-protest-palakkad-2025-10-15-18-54-19.jpg)
പാലക്കാട്: തൊഴിലവകാശങ്ങൾ സംരക്ഷിക്കാനും ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുമായി രൂപീകരിക്കുന്ന ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി ഇടതു സർക്കാർ തൊഴിലാളികളെ വെല്ലു വിളിക്കുകയാണെന്ന് ബി എം എസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം പറഞ്ഞു.
ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ഫീസ് വർദ്ധനവിനെതിരെ ബി എം എസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ ലേബർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന സർക്കാർ ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ഫീസ് 10,000 രൂപയായി വർദ്ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനും വേണ്ടിയാണ് ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നതെന്നും നിലവിലെ വർദ്ധനവ് ചെറിയ യൂണിയനുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്കും വലിയ ഭാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം ട്രേഡ് യൂണിയനുകളുടെ രൂപീകരണത്തെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുകയും തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യും.
അതിനാൽ, വർദ്ധിപ്പിച്ച രജിസ്ട്രേഷൻ ഫീസ് പിൻവലിക്കണമെന്നും നിലവിലുള്ള ഫീസ് ഘടന തുടരണമെന്നും തൊഴിലാളികളെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡൻറ് വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശശി ചോറോട്ടൂർ, എസ്. അമർനാഥ്, പി.കെ.രവീന്ദ്രനാഥ്,എസ്.രാജേന്ദ്രൻ,കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
ഹരിക്കാര സ്ട്രീറ്റിൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ ട്രഷറർ എസ്. ശരത്,ബി.ഗുരുവായൂർക്കുട്ടി,എം.അർജുൻ,എസ്.പ്രദീപ്,വി.മണികണ്ഠൻ,എസ്.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.