ഇടതു സർക്കാർ ദേവസ്വം ബോർഡ് ഉപയോഗിച്ച് ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കുന്നു: ബിഎംഎസ്

New Update
bms palakkad protest

പാലക്കാട്: കേരളത്തിലെ ഇടതു സർക്കാർ ദേവസ്വം ബോർഡ് ഉപയോഗിച്ച് ക്ഷേത്ര ഭൂമിയുൾപ്പടെയുള്ള ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കുകയാണെന്ന്  ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽസ്റ്റേഷനുമുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഒൻപതര വർഷത്തെ ഇടതുഭരണം കേരളത്തെ നാലര ലക്ഷം കോടിയുടെ കടകെണിയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. 2019 ലെ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‌പങ്ങളും,വാതിൽ പാളികളും പുതുക്കിപണിയുന്നതിലൂടെ 4 കിലോയിലധികം സ്വർണ്ണം അപഹരിച്ചതിൽ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷണത്തിലുൾപ്പെടുത്തേണ്ടതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ വലതുപക്ഷ സർക്കാരിനെ നയിച്ച കോൺഗ്രസ് പാർട്ടിക്കും കഴിയില്ല. ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, ഏറ്റുമാനൂരപ്പൻ്റെ ശ്രീ കോവിലിലെ നാഗപടം തുടങ്ങി കേരളത്തിലെ ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങളിലെ സ്വർണ്ണകവർച്ച ഉൾപ്പടെയുള്ളവ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പതിനായിരകണക്കിന് ഏക്കർ വരുന്ന ക്ഷേത്ര ഭൂമികൾ തട്ടിയെടുക്കാനുള്ള സർക്കാർ നീക്കം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ധർണ്ണയെ അഭിസംബോധന ചെയ്‌തുകൊണ്ട് മലബാർദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന ജന:സെക്രട്ടറി കെ.സുധാകരൻ, കേരളാ ക്ഷേത്ര കാർമിക് സംഘ് ജന: സെക്രട്ടറി വി.ശിവദാസ് , മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി മഹേഷ് , ജില്ലാ ജോ.സെക്രട്ടറി ഷിജു നാരായണൻ, ബിഎംഎസ് ജില്ലാ ട്രഷറർ വി. ശരത്,എസ്. രാജേന്ദ്രൻ, എസ്.അമർനാഥ് തുടങ്ങിയവർ സംസാരിച്ചു.വി.തങ്കമോഹൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment