/sathyam/media/media_files/2025/10/17/kuzhalmandam-block-panchayat-2025-10-17-13-43-43.jpg)
കുഴൽമന്ദം: മാലിന്യമുക്തം നവകേരളം ശുചിത്വ ക്യാമ്പയിനിൻ്റെ ഭാഗമായി കുഴൽമന്ദം, ആലത്തൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകളിൽ ഇ-വേസ്റ്റ്; ഇതര മാലിന്യങ്ങൾഎന്നിവയുടെ ശേഖരണം പ്രത്യേകമായും കലണ്ടർ പ്രകാരവും നടത്തുന്നതിന് പഞ്ചായത്ത് ഹരിത കർമ്മ സേന കൺസോർഷ്യം പ്രതിനിധികൾ, പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് പരിശീലനം നൽകി.
ഹരിത കർമ്മ സേനാംഗങ്ങൾ വില കൊടുത്താണ് ജനങ്ങളിൽ നിന്നും ഇ മാലിന്യം ശേഖരിക്കുക. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് അതാത് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് ശേഖരണം നടത്തുന്നത്.
ഹരിത കർമ്മ സേന കാര്യശേഷി വികസനം, ഗുണപരത മെച്ചപ്പെടുത്തൽ, സംരഭകത്വം എന്നിവയുമായി ബന്ധപ്പെട്ടും ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ദേവദാസ് ഉൽഘാടനം നിർവ്വഹിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടേയും സംസ്ഥാന സർക്കാരിൻ്റേയും ഇതിവരെയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണ് "ക്ലീൻ കേരള" അഥവാ ശുചിത്വ കേരള പ്രവർത്തനമെന്നും നാടിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ലാലു. കെ. അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള സെക്ടർ കോർഡിനേറ്റർ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. പരിശീലനത്തിന് ശേഷം മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ, ഇ-മാലിന്യ ഡ്രൈവ് പഞ്ചായത്ത് - വാർഡ് തല പ്രവത്തന രൂപരേഖ, മാലിന്യ സംസ്കരണ സമ്പൂർണ്ണ പ്രവർത്തനം എന്നിവ സംബന്ധിച്ച സമഗ്ര ചർച്ചയും അവലോകനവും നടന്നു.
കോട്ടായി, കുത്തനൂർ, കുഴൽമന്ദം, മാത്തൂർ, പെരിങ്ങോട്ടു കുറുശ്ശി, തേങ്കുറുശ്ശി, കണ്ണാടി, ആലത്തൂർ, എരിമയൂർ, കാവശ്ശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിജു മോൻ ബി. നന്ദി രേഖപ്പെടുത്തി.