എക്സൈസ് വകുപ്പിന്റെ 'വിഷൻ 2031' സെമിനാര്‍ വ്യാഴാഴ്ച പാലക്കാട്

New Update
vision 2031

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 'വിഷൻ 2031' സംസ്ഥാന സെമിനാറുകളുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ വ്യാഴാഴ്ച (ഒക്ടോബര്‍ 23) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പാലക്കാട് കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ നടക്കും. 

Advertisment

നാലു വേദികളിലായി നാലു സെഷനുകളായാണ് സെമിനാര്‍ നടക്കുന്നത്.  2031 വർഷത്തോടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.

രാവിലെ 9:30 -ന് ആരംഭിക്കുന്ന സെമിനാറിൽ തദ്ദേശസ്വയംഭരണം, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് എക്സൈസ് വകുപ്പിന്റെ 2031-ലേക്കുള്ള കരട് നയരേഖ അവതരിപ്പിക്കും. 

എക്സൈസ് വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ, നിലവിലുള്ള സുപ്രധാന നയങ്ങൾ, നടപ്പാക്കിയ സുപ്രധാന പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അവതരിപ്പിക്കും. 

എ.ഡി.ജി.പി.യും എക്സൈസ് കമ്മീഷണറുമായ എം. ആർ. അജിത് കുമാർ, സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഹർഷിത അത്തല്ലൂരി തുടങ്ങിയവര്‍ സംബന്ധിക്കും.  

വിനോദസഞ്ചാരവും വ്യാവസായിക വളർച്ചയും -വ്യാവസായിക സൗഹൃദ മദ്യനയത്തിന്റെ അനിവാര്യത, മയക്കുമരുന്ന് രഹിത നവ കേരളം - പ്രതിരോധവും പ്രതീക്ഷകളും, കേരളത്തിലെ കള്ള് വ്യവസായത്തിന്റെ നവീകരണവും സുസ്ഥിരവികസനവും, എക്സൈസ് നിയമ പരിഷ്കരണവും ലഹരി പ്രതിരോധത്തിലെ പ്രായോഗിക വശങ്ങളും തുടങ്ങി നാല് വിഷയങ്ങളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കും. 

സമാപന സെഷനില്‍ എക്സൈസ് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന രൂപീകരണത്തിൻ്റെ 75-മത് വാർഷികമായ 2031 നകം കേരളം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുമായാണ് വകുപ്പുകൾ സെമിനാറുകൾ നടത്തുന്നത്. 

വിവിധ വകുപ്പുകൾ തങ്ങളുടെ പ്രവർത്തന മേഖലയെ ആസ്പദമാക്കി ബന്ധപ്പെട്ട മന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. 33 സെമിനാറുകളാണ് വിവിധ വകുപ്പുകൾ ചേർന്ന് ക്രമീകരിച്ചിരിക്കുന്നത്. 

വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ഈ സെമിനാറുകൾ സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും സമാഹരിക്കും. 

നിലവിലെ നേട്ടങ്ങൾ, വിഷൻ 2031 നയരേഖാ നിർദ്ദേശങ്ങൾ, സെമിനാറുകളിൽ രൂപപ്പെട്ട ശുപാർശകൾ എന്നിവയടങ്ങിയ റിപ്പോർട്ട് അതത് വകുപ്പുകൾ സർക്കാരിന് സമർപ്പിക്കും. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് 2026 ജനുവരിയിൽ സംഘപ്പിക്കുന്ന സംസ്ഥാന കോൺക്ലേവിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്ത് സംസ്ഥാന നയരേഖ തയ്യാറാക്കും.

Advertisment