/sathyam/media/media_files/2025/10/26/malambuzha-mukai-bridge-2025-10-26-02-11-04.jpg)
മലമ്പുഴ: മഴ ശക്തമായാൽ കടുക്കാംകുന്നം മുക്കെ പുഴ പാലം മുങ്ങും. മലമ്പുഴ ഡാം തുറന്നാലും കുളവാഴകൾ പെരുകിയാലും പാലം മുങ്ങും.
മലമ്പുഴ മുക്കൈ നിലംപതി പാലത്തിൻ്റെ അവസ്‌ഥ വർഷങ്ങളായി ഇങ്ങനെയാണ്. എന്നിട്ടും മുക്കൈ പുഴയ്ക്കു കുറുകെ ഉയരമുള്ള ഒരു പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെ സർക്കാരും ജനപ്രതിനിധികളും.
ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ പാലം പലപ്പോഴും വെള്ളത്തിനടിയിലാകും. മലമ്പുഴ ഡാം തുറക്കുന്ന സമയത്തും മുങ്ങും. കുളവാഴകൾ പെരുകി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടാലും ജലം പരന്നൊഴുകി പാലം മുങ്ങും.
ഇതോടെ വർഷത്തിൽ 30 ദിവസത്തിലേറെ ഇതു വഴിയുള്ള ഗതാഗതം പലപ്പോഴായി നിരോധിക്കേണ്ടിവരും.
മലമ്പുഴ ഡാം തുറന്നതും മഴ പെയ്തതും കാരണം കഴിഞ്ഞ ദിവസം പാലം മുങ്ങി. ഇതോടെ റോഡ് അടച്ചിട്ടു. കുളവാഴകളും ചെളിയും നീക്കി നീരൊഴുക്ക് കൂട്ടിയാണു മലമ്പുഴ പഞ്ചായത്ത് പ്രശ്നം പരിഹരിച്ചത്.
പുതിയ ഉയരമുള്ള പാലം നിർമിക്കാനാകുമെന്നു പൊ തുമരാമത്ത് വകുപ്പ് മുൻപേ പറഞ്ഞിട്ടുണ്ട്. പുതിയ പാലം പൂർത്തിയാകുന്നതു വരെ വാഹനയാത്രക്കാരെ ആണ്ടിമഠം - ഒലവക്കോട് വഴി തിരിച്ചു വിടാനുമാകും.
പുതിയ പാലം ആവശ്യപ്പെട്ടു പൊതുമരാമത്ത് മന്ത്രിക്കും എംഎൽഎയ്ക്കും കലക്ടർക്കും ഉൾപ്പെടെ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു.
എപ്പോഴാണു വെള്ളം പൊങ്ങി പാലം മുങ്ങുകയെന്നു പറയാൻ കഴിയില്ല. പാലത്തിൽ വെള്ളമുണ്ടെങ്കിൽ കാൽനടയാത്രയോ, വാഹനമോടിച്ചോ പോകരുതെന്ന് ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ആരുടെയും ശ്രദ്ധയിൽപെടാത്ത സ്ഥലത്താണെന്നു മാത്രം. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുക. നാലുചക്ര വാഹനങ്ങള്‍ക്കു കേടുപാടുകളും സംഭവിക്കാറുണ്ട്.
പാലക്കാട് നിന്നു മലമ്പുഴയിലേക്കുള്ള പ്രധാന റോഡാണിത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിനോദ സഞ്ചാരികൾ മലമ്പുഴയിലെത്തുന്നത് ഈ പാലം കടന്നാണ്.
പാലത്തിൽ വലിയ അളവിൽ വെള്ളമുള്ളത് അറിയാതെ വാഹനങ്ങൾ ഓടിച്ചുപോയി അപകടത്തിൽപെടുന്നതു പതിവാണ്. നിലവിൽ പദ്ധതിയില്ലെന്നും ഭാവിയിൽ പരിഗണിക്കുമെന്നും എ. പ്രഭാകരൻ എംഎൽഎ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us