കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന 'പവർ ക്വിസ് 2025'; 32 -ാം എഡിഷന് തുടക്കം

New Update
power quiz

പാലക്കാട്: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ഊർജ മേഖലയിൽ പഠന ഗവേഷണ സ്ഥാപനമായ ഇൻസ്ഡെസും ചേർന്നു നടത്തുന്ന പവർ ക്വിസിന്റെ 32 -ാം എഡിഷൻ നവംബർ ആറിന് തുടക്കമായി.  

Advertisment

പ്രാഥമികതല മത്സരത്തോടെയാണ്  രാജ്യത്തെ ഊർജമേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരം പവർക്വിസ് 2025 തുടങ്ങിയിരിക്കുന്നത്.

ജില്ലയിൽ 89 സ്ഥാപനങ്ങളിൽ പവർ ക്വിസ് നടന്നു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആയിരത്തോളം സ്കൂളുകളിൽ നിന്നും, പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ സംസ്ഥാനമൊട്ടാകെ പങ്കാളികളായി.
 
പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്‌നിക്, കൊളേജ് വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരച്ചു. ഊർജ്ജം സാമൂഹ്യ പുരോഗതിക്ക് എന്നതാണ് ഇത്തവണത്തെ മത്സര മുദ്രാവാക്യം. വിദ്യാർത്ഥികളിൽ  സാമൂഹികവും ശാസ്ത്രീയവുമായ  അവബോധം വളർത്തുകയും,  ഊർജമേഖലയിലെ നൂതന സാങ്കേതിക വികസനങ്ങൾ യുവതലമുറയുമായി സംവദിക്കുകയും ചെയ്യുക എന്നതാണ് പവർ ക്വിസ് ലക്ഷ്യമിടുന്നത്. 

പ്രാഥമിക തലത്തിൽ ഓരോ സ്ഥാപനത്തിൽ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ ആ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരു ടീമായി ഡിസംബറിൽ നടക്കുന്ന ജില്ലാതല മത്സരത്തിലേയ്ക്കും, ജില്ലാതല വിജയികൾ ജനുവരിയിൽ നടക്കുന്ന സംസ്ഥാനതല ഫൈനലിലേക്കും അർഹത നേടും.

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനക്കാരായ ടീമിന് 20,000 രൂപയും സർ വിശ്വേശ്വരയ്യ ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും ഡോ. കെ.എൽ റാവു ട്രോഫിയും അടങ്ങുന്ന ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു.എല്ലാ ഘട്ടങ്ങളിലും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും  ആകർഷകമായ സമ്മാനങ്ങളും നൽകും.

ഇതിന് അനുബന്ധമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി രാത്രി 9 മണിക്ക് സംഘടനയുടെ വെബ്സൈറ്റായ www.kseboa.org, ഫേസ്ബുക്ക് പേജ് , ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. വളരെ വലിയ പങ്കാളിത്തമാണ് ഓൺലൈൻ ക്വിസ് മത്സരത്തിനു ലഭിച്ചത്.

Advertisment