/sathyam/media/media_files/2025/11/08/operation-rakshitha-2025-11-08-21-10-53.jpg)
പാലക്കാട്: സംസ്ഥാനത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ റെയിൽവെ പൊലീസും ലോക്കൽ പൊലീസും ചേർന്ന് 'ഓപ്പറേഷൻ രക്ഷിത' എന്ന പേരിൽ പദ്ധതി ആരംഭിച്ചു.
റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ റെയിൽവേ എസ്.പി.യുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് 'ഓപ്പറേഷൻ രക്ഷിത' നടപ്പാക്കുന്നത്.
ഈ നാല് മേഖലകളിലും റെയിൽവേ ഡിവൈ.എസ്.പി.മാരുടെ മേൽനോട്ടത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള സേനാംഗങ്ങളെ ഉപയോഗിച്ച് ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിങ് ശക്തമാക്കി.
സ്ത്രീകൾ കൂടുതലുള്ള കമ്പാർട്ട്‌മെന്റുകളിൽ പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയതിൻ്റെ ഭാഗമായി, 38 റെയിൽവേ സ്റ്റേഷനുകളിൽ മദ്യപിച്ചവരെ കണ്ടെത്താനായി ആൽക്കോമീറ്റർ പരിശോധനയും തുടങ്ങിയിട്ടുണ്ട്.
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരെയും ട്രാക്കിൽ കല്ലും മറ്റും വെച്ച് അപകടമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്.) പൊലീസും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ, ബോംബ് സ്‌ക്വാഡിന്റെയും നർക്കോട്ടിക് വിഭാഗത്തിന്റെയും സഹായത്തോടെ മയക്കുമരുന്നുകൾ, നിരോധിത പുകയില ഉത്പന്നങ്ങൾ, ഹവാല പണം എന്നിവ കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കി.
സംശയകരമായ വസ്തുക്കളോ ഉപേക്ഷിക്കപ്പെട്ട ബാഗുകളോ കണ്ടെത്തിയാൽ ഉടൻ പരിശോധന നടത്താൻ ബോംബ് സ്‌ക്വാഡ്, കെ-9 സ്‌ക്വാഡ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയും പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ കറങ്ങി നടക്കുന്നവരെയും കർശനമായി നിരീക്ഷിച്ച് നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ ആക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.
സംശയാസ്പദമായ വസ്തുക്കളെയോ വ്യക്തികളെയോ കണ്ടാൽ യാത്രക്കാർക്ക് റെയിൽ അലർട്ട് കൺട്രോൾ നമ്പരായ 9846200100-ലോ, എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS) കൺട്രോൾ 112-ലോ, റെയിൽവേ ഹെൽപ്പ് ലൈൻ നമ്പരായ 139-ലോ വിവരം നൽകാവുന്നതാണെന്ന് പാലക്കാട് റെയില്‍വെ പൊലീസ് ഡിവൈ.എസ്.പി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us