പാലക്കാട് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പു നടത്തിയ യുവതിയെ പിടികൂടി

New Update
fake doctor arrested

പാലക്കാട്: പാലക്കാട്ട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ താൻ ഡോക്ടർ ആണെന്നും മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്നും മനിശ്ശേരിമനയിലെ കോടികൾ അവകാശി ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വന്‍ തുക യവാവില്‍ നിന്നും വാങ്ങി തട്ടിപ്പ് നടത്തിയതിന് യുവതിയെ അറസ്റ്റ് ചെയ്തു. 

Advertisment

യുവാവിനെ തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ ദത്തെടുക്കുവാൻ  തയ്യാറാണെന്ന് വിശ്വസിപ്പ് ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി. ഒരു വർഷത്തോളം തുടർന്ന സൗഹൃദത്തിൽ ഇടയ്ക്കിടെ പരാതിക്കാരനെ താൻ ജോലി ചെയ്യുന്നതായി പറയുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി  ഡോക്ടറുടെ വേഷം ധരിച്ച് യുവാവിനെ വിശ്വസിപ്പിക്കുന്നതിനായി പ്രതിയുടെ തന്നെ സഹായികളായി പ്രവർത്തിക്കുന്ന ആളുകളെ നിർത്തി അവരോട് സംസാരിച്ചു വിശ്വസിപ്പിച്ചു.

തുടർന്ന് താൻ നിർമ്മിക്കുന്ന ഐവിഎഫ് ആശുപത്രിയിൽ പരാതിക്കാരനെ പാർട്ണർ ആക്കാം എന്നു പറഞ്ഞു 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി തട്ടിപ്പ് നടത്തി. ഇവര്‍ പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുകയും ആരംഭത്തിൽ അത് തിരിച്ചു നൽകുകയും അടുത്ത തവണ കൂടുതൽ പണം വാങ്ങിക്കുകയും തിരിച്ച് നൽകാതെ സ്ഥലത്തുനിന്ന് മുങ്ങുകയാണ് ചെയ്യുന്നത്.

2023 ല്‍ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിക്കാതെ വരികയാണ് ഉണ്ടായത്. വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്നു ഇവര്‍.

പോലീസ് സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷിച്ചതില്‍ നിന്നും ഇന്നലെ എറണാകുളം ലുലു മാളിൽ വച്ച് പ്രതി കുമരംപുത്തൂർ പയ്യനടം, കുണ്ടുതൊട്ടിക മുഹമ്മദിന്‍റെ മകള്‍ മണ്ണാർക്കാട് സ്വദേശിനി മുബീനയെ (35) അറസ്റ്റ് ചെയ്തു. 

അറസ്റ്റ് ചെയ്യുന്ന സമയത്ത് അവരുടെ പക്കൽ നിന്നും ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും മറ്റും കണ്ടെത്തുകയുണ്ടായി. കേസിൽ സഹായിയായി പ്രവർത്തിച്ചിരുന്നതും, പ്രതിയോടൊപ്പം ലിവിങ് ടുഗതറായി ജീവിച്ചുവരുന്ന രണ്ടാം പ്രതി അമ്പലപുഴ നീർക്കുന്നം, ശ്യാം നിവാസില്‍ സന്തോഷിന്‍റെ മകന്‍ ശ്യാം സന്തോഷ് (33) നെ മുൻപ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യാതയുള്ള മുബീന ഡോക്ടറാണെന്ന് വിശ്വസിക്കുന്ന തരത്തിൽ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ വെച്ച് സഹായികളെ നിർത്തി പരാതിക്കാരനെ വിശ്വസിപ്പിക്കുന്ന തരത്തിൽ പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച് കണ്ടതിനാൽ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പറയുന്നു.

സമാന രീതിയിൽ ധാരാളം പേരിൽ നിന്നും ഇത്തരത്തിൽ പണംവാങ്ങിയിട്ടുണ്ട് എന്ന് അറിയുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ വി.ഹേമലത, എം. വിജയകുമാർ, എഎസ്ഐ ഉഷാദേവി, സീനിയർ പോലീസ് ഓഫീസർ ആര്‍.രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. 

പ്രതിക്ക് ആലപ്പുഴ, കോഴിക്കോട് എറണാകുളം, പാലക്കാട് ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിൽ സമാന സാഹചര്യത്തില്‍ കേസുകൾ ഉണ്ട്.

Advertisment