ആദിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനു പരിഹാരമായി അട്ടപ്പാടിയില്‍ ഡിസംബർ രണ്ടു മുതൽ കേ‍ാടതി യാഥാര്‍ഥ്യമാകുന്നു

New Update
attappadi

അഗളി: ആദിവാസികളുടെ മുറവിളികള്‍ക്കും നീണ്ടകാലത്തെ കാത്തിരിപ്പിനും പരിഹാരമായി അട്ടപ്പാടിയില്‍ കേ‍ാടതി യാഥാര്‍ഥ്യമാകുന്നു. 

Advertisment

അട്ടപ്പാടി മുൻസിഫ് മജിസ്ട്രേട്ട് കേ‍ാടതി ഡിസംബര്‍ രണ്ടിന് ആരംഭിക്കാനാണു ഹൈക്കേ‍ാടതി രജിസ്ട്രാറുടെ ഉത്തരവ്. കേ‍ാടതി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെക്കെ‍ാണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണു നീക്കം. 

അതേസമയം, ഉദ്ഘാടന തീയതി നിശ്ചയിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു ഇനിയും നീട്ടിക്കൊണ്ടുപേ‍ാകുമേ‍ാ എന്ന ആശങ്കയും അട്ടപ്പാടിക്കാര്‍ക്കുണ്ട്. അഗളി, പുതൂര്‍, ഷേ‍ാളയൂര്‍ സ്റ്റേഷൻ പരിധിയിലുളള സിവില്‍, ക്രമിനല്‍ കേസുകളാണു കേ‍ാടതി പരിഗണിക്കുക. നിലവില്‍ കേസുകള്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട് കോടതികളിലാണുള്ളത്. 

കേസ് നടത്തിപ്പില്‍ വര്‍ഷങ്ങളായി മേഖലയിലെ ആദിവാസികളെ ഉള്‍പ്പെടെ വലയ്ക്കുന്ന പ്രശ്നമാണു ഹൈക്കേ‍ാടതി തന്നെ ഇടപെട്ടു തീര്‍പ്പാക്കുന്നത്. കേ‍ാടതിയിലേക്കുള്ള കേസുകളുടെ ഫയലുകള്‍ മാറ്റാൻ നടപടി ആരംഭിച്ചു. ജീവനക്കാരെ നിയമിക്കാൻ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മജിസ്ട്രേട്ടിനെ നിയമിക്കണമെങ്കിലും തുടക്കത്തില്‍ താല്‍ക്കാലിക ചുമതല നല്‍കാനാണു സാധ്യത. 

ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസ് സംഘടന 2003ല്‍ ഹൈക്കേ‍ാടതിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അട്ടപ്പാടിയില്‍ കേ‍ാടതി എന്ന ആവശ്യം ചര്‍ച്ചയായത്. 

പിന്നീട് മണ്ണാര്‍ക്കാട് അനുവദിച്ച രണ്ടു കേ‍ാടതികളില്‍ ഒന്ന് 2016ല്‍ അട്ടപ്പാടിയിലേക്കു മാറ്റിയെങ്കിലും രാഷ്ട്രീയമടക്കമുള്ള ഇടപെടലും തടസപ്പെടുത്തലും കാരണം തുടര്‍നടപടി മുന്നേ‍ാട്ടുപേ‍ായില്ല. 

കഴിഞ്ഞവര്‍ഷം ജില്ലാ ജഡ്ജിയുടെ ഇടപെടലില്‍ അട്ടപ്പാടി ബ്ലേ‍ാക്ക് ഒ‍ാഫീസിന്‍റെ കെട്ടിടം നാമമാത്ര വാടകയില്‍ കേ‍ാടതിക്കായി കണ്ടെത്തി അറ്റകുറ്റപ്പണി ആരംഭിച്ചു. സര്‍ക്കാര്‍ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടും ഒരേ‍ാ കാരണങ്ങളാല്‍ നീണ്ടുപേ‍ായ നിര്‍മാണമാണ് ഇപ്പോള്‍ ഏതാണ്ടു പൂര്‍ത്തിയായിരിക്കുന്നത്.

Advertisment