/sathyam/media/media_files/aiXutzXtSqCxcC7Sd1c1.jpg)
പാലക്കാട്: കാക്കിക്കുള്ളിലെ കലാകാരനായി നാടകത്തെ ജീവവായു പോലെ കൂടെ കൂട്ടിയ മുതിർന്ന നാടക നടനും ടാപ് നാടക വേദിയുടെ വൈസ് പ്രസിഡന്റുമായ കെ.പി ഹരിഗോകുൽ ദാസിന്റെ നിര്യാണത്തിൽ സഹപ്രവർത്തകർ അനുശോചന യോഗം നടത്തി.
പാലക്കാട് ബിഇഎം ഹൈസ്കൂളിൽ അജീഷ് മുണ്ടൂരിന്റെ 'കൂട്' നാടക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണ പരിപാടി. ടാപ് നാടകവേദി സെക്രട്ടറി എം.എസ് ദാസ് മാട്ടുമന്ത ഉദ്ഘാടനം ചെയ്തു. നർമവും ചിന്തയും ഉണർത്തി സഹപ്രവർത്തകർക്കിടയിൽ സൗഹൃദത്തിന്റെ ഊഷ്മളത പരത്തി ജീവിത യാത്രയിൽ നിന്നും അപ്രതീക്ഷിതമായാണ് ഹരിഗോകുൽദാസ് വിട പറഞ്ഞത്.
വർഷങ്ങൾക്ക് മുൻപ് പാലക്കാട് നഗരമധ്യത്തിലെ ഏറെ ജനത്തിരക്കുള്ള സുൽത്താൻപേട്ട ജംഗ്ഷനിൽ സദാസമയവും സുസ്മേരവദനനായി ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാരനായ കെ.പി ഹരിഗോകുൽ ദാസെന്ന നാടകക്കാരൻ പിന്നീട് പാലക്കാട്ടുകാർക്ക് പ്രിയങ്കരനായ അഭിനേതാവായി.
പോലീസ് സേനയിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ച ഹരി ഗോകുൽദാസ് അരനൂറ്റാണ്ട് പിന്നിടുന്ന ടാപ് നാടക വേദിയിൽ 2008 ൽ അംഗമായതോടെ നാടകാഭിനയ ശാഖയിൽ സജീവ സാന്നിധ്യമാവുകയായിരുന്നു.
കാലയവനികക്കുള്ളിൽ മറഞ്ഞ അനുഗ്രഹീതനായ നാടകക്കാരനെ കൂടിലെ കൂട്ടുകാർ ഗദ്ഗദത്തോടെ അനുസ്മരിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
അജീഷ് മുണ്ടൂർ അധ്യക്ഷനായി. സൈനുദ്ദീൻ മുണ്ടക്കയം, വി.രവീന്ദ്രൻ, സുനിൽ തിരുനെല്ലായി, രവീന്ദ്രൻ പാലക്കാട്, ഗോകുൽ ദാസ്, ഷീജ എഴുത്താണി, ഷീന പെരുമാട്ടി, പ്രദീപ്, സമദ് കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us