മുണ്ടൂർ: കുസാറ്റിലെ അപകടത്തിൽ മരിച്ച എഴക്കാട് കോട്ടപ്പള്ള അമ്പലവട്ടം ആൽബിൻ ജെ ജോസഫിന്‍റെ കുടുംബത്തിന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ഏഴര ലക്ഷം രൂപ ചെലവിട്ട് വീട് നിർമിച്ച് നൽകും. യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ ആൽബിന്റെ വീട് സന്ദർശിച്ചാണ് ഇക്കാര്യം അറിയിച്ചത്.
കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ഓരോ ജില്ലയിലും രണ്ട് വീടുകൾ വീതം നിർമിച്ച് നൽകുന്നുണ്ട്. പ്രളയത്തിന് ശേഷം നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനാണ് യൂണിയൻ പദ്ധതി തയ്യാറാക്കിയത്.
ആദ്യത്തെ വീട് നാദാപുരം തൂണേരി ചാലപ്പുറത്തെ ആശാരിയായ നാണുവിന് നിർമിച്ച് നൽകി. സ്പീക്കർ എ എൻ ഷംസീർ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. രണ്ടാമത്തെ വീടാണ് ആൽബിന്റെ കുടുംബത്തിന് നൽകുന്നത്.
വിദ്യാഭ്യാസ വായ്പയായ സഹകരണ ബാങ്കിൽ നിന്നെടുത്ത എട്ട് ലക്ഷം രൂപ അടയ്ക്കാൻ കഴിയാത്ത പ്രയാസത്തിലാണ് ആൽബിന്റെ കുടുംബം. വീടിന്റെ സ്ഥിതിയും ദയനീയമാണ്. ഇതിനിടയിൽ വീട് നിർമിക്കാൻ കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ തയ്യാറായത് കുടുംബത്തിന് വലിയ ആശ്വാസമായി.
ആൽബിന്റെ വീട്ടിലെത്തിയ എ.കെ ബാലൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഏറെ നേരം വീട്ടിൽ ചിലവിട്ടാണ് മടങ്ങിയത്. സിപിഐഎം ഏരിയ സെക്രട്ടറി സി.ആർ സജീവ്, മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, വൈസ് പ്രസിഡന്റ് വി.സി ശിവൻ, ലോക്കൽ സെക്രട്ടറിമാരായ വി.കെ മണി, ഒ.സി ശിവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസും ആൽബിന്റെ വീട് സന്ദർശിച്ചു.