തച്ചമ്പാറ: മുസലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്‍റും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി മൊയ്തു (74) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: മുഹമ്മദ് മുസ്തഫ, അബൂബക്കർ സിദ്ധീഖ്, അൽഫാറൂഖ് (മൂന്നു പേരും അബൂദാബി), ഉസ്മാനുൽ ഫവാസ് (കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലിഗ് ജന.സെക്രട്ടറി), അലി മുബഷിർ. മരുമക്കൾ: ലുജൈന, മുർഷിദ, ഷഹന, ഷഹല, ഹുസ്ന.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ എം.എസ്.എഫ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനത്തിൽ തുടക്കം കുറിച്ച കെ.പി മൊയ്തു പതിനേഴാമത്തെ വയസ്സിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി. തുടർന്ന് പല തരത്തിലുള്ള പ്രതിസന്ധികളും തരണം ചെയ്ത് മണ്ണാർക്കാട് താലൂക്കിലും, മണ്ണാർക്കാട് മണ്ഡലത്തിലും കോങ്ങാട് മണ്ഡലത്തിലും വിശിഷ്യാ കാഞ്ഞിരപ്പുഴ പഞ്ചായത്തിലും മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു.
1980-1987, 2001-2005, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും 2005-2010 കാലത്ത് പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. 2015-2017ൽ ഒന്നര വർഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. തച്ചമ്പാറ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടായും പൊറ്റശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മിക്ക വികസന പ്രവർത്തനങ്ങളിലും തന്റെതായ കയ്യൊപ്പ് ചേർക്കാനും മുസ്ലിം ലീഗിന്റെ അടിത്തറയുണ്ടാക്കാനും കഴിഞ്ഞു. കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം ലിഗ് പ്രസിഡണ്ട്, ജന. സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ദീർഘകാലം ചന്ദ്രിക ഏജൻറായും എസ്.ടി.യു മണ്ണാർക്കാട് മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ണാർക്കാട് ദാറുന്നജാത്ത് കമ്മിറ്റി അംഗം, കാഞ്ഞിരപ്പുഴ അരിപ്പനാഴി മഹല്ല് പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനവും വഹിച്ചിരിന്നു.
കെ.പി മൊയ്തീൻ കുട്ടി സാഹിബ്, പി. അബ്ദുൾ മജീദ് സാഹിബ്, വി.എം. കുഞ്ഞി വാപ്പു സാഹിബ്, എ.പി ഹംസ സാഹിബ്, കുളത്തൂർ മൊയ്തീൻ സാഹിബ് തുടങ്ങിയവരാണ് രഷ്ട്രീയ ഗുരുക്കന്മാർ.