കുളം നികത്തിയ സ്ഥലത്ത് ഇനി മുതൽ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകില്ല - പാലക്കാട് നഗരസഭ

New Update
palakkad mumicipoality meeting

പാലക്കാട്: മുപ്പത്തിയേഴു വർഷങ്ങൾക്കു ശേഷം പാലക്കാട് നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനായിരുന്നു ഇന്നത്തെ കൗൺസിൽ യോഗത്തിലെ പ്രധാന ചർച്ച. നാനൂറ്റി തൊണ്ണൂറ് പരാതികൾ ലഭിച്ചതായി അധ്യക്ഷൻ അഡ്വ. ഇ ക്ഷണദാസ് പറഞ്ഞു. എല്ലാ പാർട്ടികളിൽ നിന്നും തിരഞ്ഞെടുത്ത പതിനൊന്നംഗ കമ്മിറ്റിയിൽ ചർച്ച ചെയ്താണ് കൗൺസിൽ യോഗത്തേക്ക് വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

നഗരസഭാ പരിധിയിൽ കണക്കു പ്രകാരം ഇരുനൂറ്റി ഇരുപത്തിരണ്ട് കുളങ്ങൾ ഉണ്ടെന്ന് കാണുന്നുണ്ടെങ്കിലും 2019 ൽ നടത്തിയ സർവ്വേയിൽ നേരിട്ടു കണ്ടത് നൂറ്റി പതിനൊന്നെണ്ണം മാത്രം. ബാക്കി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നികത്തി കെട്ടിടം പണിതതായും കണ്ടെത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു.

കെ ആർ കെ ഹാൾ, മേഴ്സി കോളേജ്, പ്രൈമറി ഹെൽത്ത് സെൻ്റർ, സ്റ്റേഡിയം സ്റ്റാൻറ്, മുൻസിപ്പൽ കോംപ്ലകസ് എന്നിവയും കുളം നികത്തിയ വയിൽ പെടും. ഇതെല്ലാം നടന്നത് തണ്ണീർതട നിയമത്തിനു മുമ്പാണ് എന്നുള്ളതിനാൽ ഒന്നും ചെയ്യാനാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

എന്നാൽ സർവ്വേയിൽ നേരിട്ട് കണ്ടതും ഡാറ്റാ ബാങ്കിൽ ഉള്ളതും, റവന്യൂ ബോഡിയിലുള്ളതുമെല്ലാം രേഖയിൽ ഉൾപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കുളം നികത്തി കെട്ടിടം പണിയാൻ ധൈര്യം കൊടുക്കുന്നത് ഭരണകൂടമാണെന്ന് കൗൺസിലർ സുലൈമാൻ പറഞ്ഞു. 

എന്നാൽ സർക്കാർ ഉത്തരവുകൾ കൊണ്ടു വന്നാൽ പിന്നെ നഗരസഭക്ക് ഒന്നും ചെയ്യാനാകില്ലെന്നും അധ്യക്ഷൻ മറുപടി നൽകി. മഞ്ഞക്കുളം നികത്താൻ അനുമതി നൽകിയത് അന്നത്തെ വകുപ്പു മന്ത്രി ചെറക്കുളം അബ്ദുള്ളയായിരുന്നെന്ന് മുതിർന്ന ബിജെപി കൗൺസിലർ ശിവരാജൻ ഓർമ്മ പങ്കുവെച്ചു.

അന്ന് കൗൺസിൽ യോഗത്തിൽ ശക്തമായ ചർച്ചകൾ നടന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വരുന്ന ഉത്തരവുകൾ നഗരസഭയേയും കൗൺസിലർമാരേയും ജനങ്ങൾ തെറ്റിധരിക്കാൻ ഇട വരുമെന്നും പാപഭാരം അമ്പത്തിരണ്ടു കൗൺസിലർമാരും ചുമക്കേണ്ടി വരുമെന്നും അധ്യക്ഷൻ പറഞ്ഞു. 

സ്വകര്യ വ്യക്തികൾ കുളം നികത്തിയാൽ ഇനി മുതൽ കെട്ടിടം പണിയാൻ അനുമതി നൽകില്ലെന്ന തീരുമാനമെടുക്കാമെന്നും അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
കുളങ്ങൾ സംരക്ഷിക്കുന്ന പോലെ തോടുകളും പുഴകളും കനാലുകളും, ഡ്രൈനേജുകളും സംരക്ഷിക്കണമെന്നും ഇവയെല്ലാം പലതും സ്വകാര്യ വ്യക്തികൾ കയ്യേറിയതായും പതിനഞ്ചാം വാർഡ് കൗൺസിലർ ശശികുമാർ പറഞ്ഞു. 

ഇപ്പോൾ തിരിച്ചുപിടിച്ചില്ലെങ്കിൽ പിന്നീട് പണം കൊടുത്ത് അക്വേറ് ചെയ്ത് എടുക്കേണ്ടി വരുമെന്നും ശശികുമാർ മുന്നറിയിപ്പു നൽകി. 

കൽപ്പാത്തി പുഴയോരത്ത് നിർമ്മാണ പ്രവർത്തനം നടത്താൻ അനുമതി നൽകാമോ എന്നതിനെ പറ്റി പരിശോധിക്കുമെന്നും അദ്ധ്യക്ഷൻ പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ രാജിവെച്ച സാഹചര്യത്തിലാണ് വൈസ് ചെയർമാൻ അഡ്വ ഇ.കൃഷ്ണദാസ് അധ്യക്ഷനായത്. പ്രിയ അജയൻ കൗൺസിലർ സ്ഥാനത്തിരുന്ന് യോഗത്തിൽ പങ്കെടുത്തു.

Advertisment