/sathyam/media/media_files/1Xt45nU3QrtzTGQPRFo8.jpg)
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അധികാരികൾ അംഗീകൃത മാഫിയാ സംഘടനകളുമായി ചേർന്ന് നടത്തുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പി.കെ.ബൈജു ആവശ്യപ്പെട്ടു.
റെയിൽവെ അധികാരികൾ നീതി പാലിക്കുക, അർഹതപ്പെട്ട പ്രമോഷൻ ഉടൻ നൽകുക, ഒഴിവുകൾ ഉടൻ നികത്തുക, ട്രാൻസ്ഫറുകളിലെ വിവേചനം അവസാനിക്കുക, തൊഴിൽ ഇടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുക, എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളോടു ഒരേ നയം സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റയിൽവേ ഡിവിഷണൽ ഓഫീസിലേക്ക് ഡിആർകെഎസ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ജീവനക്കാരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഡിആർകെഎസ് ഡിവിഷണൽ പ്രസിഡൻ്റ് സി.എം. ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സി.മധുസൂദനൻ, സെക്രട്ടറി കെ.ലനീഷ്, സോണൽ അസി. ജനറൽ സെക്രട്ടറി സുനിൽകുമാർ, ഡിവിഷണൽ ട്രഷറർ ആർ.കെ.അഭിലാഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷണൽ റയിൽവേ മാനേജർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്നും ഡിവിഷണൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് കെ.അശോക് കുമാർ, കെ.പി.ശിവദാസൻ, കെ.വി.ഉണ്ണികൃഷ്ണൻ, വിപിൻദാസ്, യു.തുളസീദാസ്, ആർ.വിഷ്ണു, വിനോദ്.കെ, കെ. സോനു എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us