Advertisment

വീണുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി മാതൃകയായി ബസ് ജീവനക്കാർ

author-image
ജോസ് ചാലക്കൽ
Updated On
New Update
bus workers

ചെർപ്പുളശ്ശേരി: വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകിക്കൊണ്ട് ഏവർക്കും മാതൃകയായി ബസ് ജീവനക്കാർ. ചെർപ്പുളശ്ശേരി - പെരിന്തൽമണ്ണ - മലപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ക്ലാസ്സിക്‌ ബസിലെ ജീവനക്കാരായ കണ്ടക്ടർ റിയാസും ഡ്രൈവർ സംലിക്കുമാണ് ഏവർക്കും മാതൃകയായി മാറിയത്. 

Advertisment

ആനമങ്ങാട് മണലായ സ്വദേശികളായ ചെമ്പ്രംപള്യാലിൽ അയ്യപ്പൻ - രജനി ദമ്പതികളുടെ മുക്കാൽ പവൻ വരുന്ന സ്വർണചെയിൻ ആണ് ഇവരുടെ നല്ല മനസുകൊണ്ട് തിരികെ കിട്ടിയത്.

വിവാഹ ആവശ്യത്തിനായി സ്വർണം പണയം വെക്കുന്നതിനു വേണ്ടി പോക്കറ്റിൽ ഇട്ട് ചെർപ്പുളശ്ശേരിയിലേക്ക് പോകും വഴിയാണ് ബസിൽ നിന്നും ഇത് വീണുപോയത്. ഒരു പവന് അമ്പതിനായിരത്തിന് മുകളിൽ വിലയുള്ള ഈ കാലത്ത് സാധാരണക്കാരായ ഈ കുടുംബത്തിന് ഈ നഷ്ടം താങ്ങാവുന്നതിലും മേലെയായിരുന്നു. എങ്കിലും ഇനി അധവാ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് അറിയുവാനായി നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇവർ സ്വർണം നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു.

ഈ സമയം ബസിൽ നിന്നും വീണുകിട്ടിയ സ്വർണാഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടി റിയാസും സംലിക്കും ബസ് തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിപ്പ് നൽകിയിരുന്നു. ഈ വാട്സ്ആപ് സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടവർ മുഖേന ഉടമയെ തിരിച്ചറിയുകയും ഇവരുമായി ബന്ധപ്പെടുകയും ഇന്ന് രാവിലെ അയ്യപ്പന് സ്വർണാഭരണം കൈമാറുകയുമായിരുന്നു.

ഉടമയെ കണ്ടെത്തി സ്വർണം തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞ ചാരിദാർധ്യത്തിലാണ് റിയാസും സംലിക്കും. എന്നാൽ നഷ്ടപ്പെട്ടു എന്ന് കരുതിയ തങ്ങളുടെ സ്വർണാഭരണം തിരികെതന്ന നന്മ വറ്റാത്ത മനസിന്റെ ഉടമകളായ ഈ ബസ് ജീവനക്കാരുടെ പ്രവർത്തിയെ നന്ദിയോടെ ഓർക്കുകയാണ് മണലായ സ്വദേശികളായ അയ്യപ്പനും രജനിയും.

Advertisment