Advertisment

പാലക്കാട് രൂപത രണ്ടാം എപ്പാർക്കിയൽ അസംബ്ലിക്ക് പ്രൗഢഗംഭീരമായ സമാപനം

author-image
ജോസ് ചാലക്കൽ
New Update
eparchial assembly

പാലക്കാട്: ഏപ്രിൽ 15 മുതൽ 19 വരെ മുണ്ടൂർ യുവക്ഷേത്ര കോളേജിൽ വച്ച് നടത്തപ്പെട്ട പാലക്കാട് രൂപതയുടെ രണ്ടാം എപ്പാർക്കിയൽ അസംബ്ലിയുടെ സമാപന സമ്മേളനം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.

Advertisment

വിശ്വാസ പരിശീലനത്തിന് നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് മറ്റ് രൂപതകൾക്ക് മാതൃകയായ ഒരു രൂപതയാണ് പാലക്കാട് രൂപത എന്നും വിശ്വാസ പരിശീലനം, സാമുദായിക ശാക്തികരണം, സുവിശേഷ പ്രഘോഷണത്തിൽ അൽമായരുടെ പങ്കാളിത്തം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് പാലക്കാട് രൂപത തയ്യാറാക്കിയിരിക്കുന്ന കർമ്മപദ്ധതി ശ്ലാഘനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ  അസംബ്ലി കൺവീനർ ഫാദർ മാത്യു ഇല്ലത്തുപറമ്പിൽ അസംബ്ലിയുടെ ആക്ഷൻ പ്ലാൻ പിതാവിന് സമർപ്പിച്ചു.

രൂപതയിലെ മുഴുവൻ ജനങ്ങളുടെയും വിശദമായ ഡാറ്റാ കളക്ഷൻ, മിഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ ഒരു കോർഡിനേഷൻ കമ്മിറ്റി, വിശ്വാസപരിശീലനത്തിന് പുതിയ ദിശാബോധം നൽകാനായി ഒരു റിസോഴ്സ് ടീം, കുട്ടികൾക്ക് വേണ്ടി പ്രത്യേക കൗൺസിലിംഗ് സെൻറർ തുടങ്ങിയ അസംബ്ലിയുടെ 10 നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കുമെന്നും മറ്റ് നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ  പ്രസ്താവിച്ചു.

ഫാദർ അരുൺ കലമറ്റത്തിൽ, ഫാദർ ആൻറണി പുത്തനങ്ങാടി സി. എം. ഐ, ഫാദർ ഗില്‍ബർട്ട്  എട്ടൊന്നിൽ, സിസ്റ്റർ മെറീന ഡി.ഡി.പി, സണ്ണി നെടുംപുറം, എന്നിവർ സംസാരിച്ചു. രാവിലെ സുവിശേഷ വൽക്കരണത്തിൽ അൽമായ പങ്കാളിത്തം എന്നതിനെപ്പറ്റി അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് പാണങ്ങാടൻ വിഷയാവതരണം നടത്തി.

അസംബ്ലിയുടെ ഓരോ ദിവസവും ഓരോ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുകയും അതിനെ തുടർന്ന് ഗ്രൂപ്പ് ചർച്ചകളിലൂടെ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെടുകയും ചെയ്തു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ നേതൃത്വം നൽകിയതായി പാലക്കാട് രൂപത പി ആർ ഒ അറിയിച്ചു.

Advertisment