Advertisment

30 വർഷത്തെ രാജ്യ സേവനത്തിനു ശേഷം തിരിച്ചെത്തിയ സൈനികൻ നൗഷാദിന് പിറന്ന നാട് ഊഷ്മള വരവേൽപ് നൽകി

New Update
subedar noushad reception

പാലക്കാട്‌: ഇന്ത്യൻ ആർമിയിൽ നിന്ന് മൂന്നു പതിറ്റാണ്ട് നീണ്ട സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ സുബേദാർ നൗഷാദിന്  കല്ലടിക്കോട് വിമുക്തഭട സൈനിക കൂട്ടായ്മയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. 

Advertisment

നാട്ടിലെ യുവാക്കളെ അണിനിരത്തിയുള്ള ഉജ്വല വരവേൽപ് നവ്യാനുഭവമായി. പരേതനായ മുൻ പോലീസ് ഉദ്യോഗസ്ഥൻ കല്ലടിക്കോട് പറക്കാട് കാസിം-ഖദീജ ദമ്പതികളുടെ പുത്രനാണ് നൗഷാദ്.

കാഞ്ഞിക്കുളം സെന്ററിൽ നിന്നും തുറന്ന വാഹനത്തിൽ സന്തോഷപൂർവം ഘോഷയാത്രയായിട്ടെ ത്തിയ നൗഷാദിനെ പറക്കാട് തറവാട് വീട്ടിലേക്ക് ആനയിച്ചു. 

മദ്രാസ് റെജിമെൻറ് 19ാം ബറ്റാലിയനിലായിരുന്നു ഔദ്യോഗിക ജോലി തുടക്കം. ഇന്ത്യൻ സേനയുടെ സുപ്രധാന സൈനിക നീക്കങ്ങൾക്കൊപ്പം  രാജ്യത്തിനകത്തും പുറത്തും പ്രശംസാർഹമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 

subedar noushad reception-2

പോലീസ് ഉദ്യോഗസ്ഥരായ ഫക്രുദ്ധീൻ, സിദ്ധിഖ്, വിമുക്ത ഭടൻ അഹ്‌മദ്‌ കുട്ടി എന്നിവർ നൗഷാദിന്റെ സഹോദരങ്ങളാണ്. കല്ലടിക്കോട് ദീപ സെന്ററിൽ നടന്ന സ്വീകരണ പൊതു യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

ദേശീയ പൈതൃകത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തിനു സൈനികന്റെ സേവനം ഏറ്റവും വിലപ്പെട്ടതാണ്. തലമുറകളെ പ്രചോദിപ്പിക്കുന്നു. രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സ്നേഹവും സമർപ്പണവും ചേർന്നതാണ് ഓരോ സൈനികന്റെയും സമർപ്പണം - പ്രസംഗകർ പറഞ്ഞു. 

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ.സി. ഗിരീഷ്, റമീജ, കല്ലടിക്കോടൻ സൈനിക കൂട്ടായ്മയുടെ സാരഥികളായ മുകുന്ദകുമാർ, പ്രമോദ് കുമാർ, എൻ.രാജൻ, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. 1983-84, 1990-91 പൂർവ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisment