Advertisment

കാറിൽ കടത്തിയ 190 ഗ്രാം മെത്തഫെറ്റമിനുമായി യുവാവ് നാട്ടുകൽ പോലീസിന്റെ പിടിയിൽ

author-image
ജോസ് ചാലക്കൽ
New Update
narkotic crime aboobaker siddiq

മണ്ണാർക്കാട്: നാട്ടുകൽ  പോലീസും പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷന് സമീപം വെച്ച്  കാറിൽ കടത്തിയ 190.18 ഗ്രാം മെത്തഫെറ്റമിനുമായി മലപ്പുറം തിരൂർ മുത്തൂർ വലിയ പീടിയേക്കൽ വീട്ടില്‍ മുഹമ്മദിന്‍റെ മകന്‍ അബൂബക്കർ സിദ്ധീഖ് (32) എന്നയാൾ പിടിയിൽ.

Advertisment

കാറിൽ ലഹരിമരുന്നുമായെത്തിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പോലീസ് പിടി കൂടിയത്. മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ പ്രദേശത്തെ വൻ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ്.

മണ്ണാർക്കാട് കേന്ദ്രീകരിച്ചും പ്രതി കുറച്ചു നാളുകളായി ലഹരി വില്പന നടത്തി വരുകയാണ്. പ്രതി കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നെത്തിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതിക്ക് മുൻപും നാട്ടുകൽ പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസുണ്ട്.

പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന് കേസുകളിലൊന്നാണിത്.  മണ്ണാർക്കാട്, നാട്ടുകൽ പ്രദേശത്തെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും വില്പനയും തടയുന്നതിന് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡ് കർശന പരിശോധനയാണ് നടത്തിവരുന്നത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പനശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി. സിനോജ്. ടി.എസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെനേത്യത്വത്തിൽ ഇൻസ്പെക്ടർ ബഷീർ സി. ചിറയ്ക്കൽ, സബ്ബ് ഇൻസ്പെക്ടർ സദാശിവൻ പി.ജി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകൽ പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.

Advertisment