പാലക്കാട്: ജൂലൈ രണ്ടാം പകുതിയിൽ നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് അനുഷ്ടാനത്തിന് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന പോകുന്ന തീർഥാകർക്ക് വേണ്ടിയുള്ള ഹജ്ജ് സാങ്കേതിക പഠന ക്‌ളാസ്സുകൾ വിവിധ പ്രദേശങ്ങളിൽ പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിൽ നിന്നുള്ള ഹാജിമാർക്ക് വേണ്ടി പട്ടാമ്പിയ്ക്ക് സമീപം ആമയൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരത്തിലേറെ തീർത്ഥാടകർ സംബന്ധിച്ചു. പരിപാടി ആമയൂർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു.
നാട്ടിൽ നിന്നു യാത്ര പുറപ്പെട്ടുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങളും, ഹജ്ജ് യാത്രയിലും പുണ്യഭൂമിയിൽ താമസിക്കുമ്പോഴും കർമങ്ങൾ അനുഷ്ഠിക്കുമ്പോഴും പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം അവബോധവും ഉൽബോധനവും ഉൾപ്പെടുന്ന ഹജ്ജ് സാങ്കേതിക പഠന ക്ലാസ് വളരെ ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ വിവരിച്ചു.
സംസ്ഥാന കോഡിനേറ്റർ ഷാജഹാൻ ഹാജി, പാലക്കാട് ജില്ലാ കോഡിനേറ്റർ ജാഫർ, ഹജ്ജ് ട്രൈനർ സമീർ വാവന്നൂർ എന്നിവർ പഠന ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് അബ്ദുറഹ്‌മാൻ മുത്തുകോയ തങ്ങളുടെ പ്രാർത്ഥനയോടെ സമാപനം കുറിച്ചു.