Advertisment

നാടിന്റെ വേദനയായി അധ്യാപികയുടെ വേർപാട്

New Update
obit pa sameera

പട്ടാമ്പി: നാടിനു താങ്ങാനാവാത്ത വേദനയായി അധ്യാപികയുടെ വേർപാട്. പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയത്.

Advertisment

ദാമ്പത്യ ജീവിതത്തിലെ നീണ്ട 25 വർഷം സന്താന സൗഭാഗ്യം ഇല്ലാതെ നിരവധി പ്രയാസങ്ങൾ സഹിച്ച ഇവർക്ക് നാലുമാസം മുമ്പാണ് ഒരു കുഞ്ഞു പിറന്നത്. ഫാത്തിമ നെസ്ലിൻ എന്ന കുഞ്ഞുമോൾ  പിറന്നതിന്റെ സന്തോഷം അനുഭവിച്ചു തുടങ്ങും മുമ്പാണ് ഈ ആകസ്മിക വേർപാട്. ഈ വർഷത്തെ മാതൃദിനത്തിലെ ഏറ്റവും കണ്ണീരണിയിച്ച വാർത്തയായിരുന്നു ആ മാതൃവിയോഗം.

പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൊടുന്നനെ വന്ന ഒരു വയറുവേദനയായിരുന്നു തുടക്കം.വേദന മൂർച്ഛിക്കുകയും ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുകയും ചെയ്ത 24 മണിക്കൂറിനുള്ളിൽ  മരണം സംഭവിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:30നായിരുന്നു അന്ത്യം. മരണവാർത്ത അറിഞ്ഞ ഏവരും ഉൾക്കൊള്ളാൻ ആവാതെ വിതുമ്പി. നാട്ടിലും ജോലി ചെയ്യുന്ന സ്കൂളിലും  ടീച്ചറെ കുറിച്ച് പറയാൻ  നല്ലത് മാത്രം. കൊച്ചുകുട്ടികൾ തൊട്ട്  എല്ലാവരോടും നല്ല പെരുമാറ്റവും സ്നേഹവും  സഹവർത്തിത്വവും കാത്തുസൂക്ഷിച്ച സുമനസിന്റെ ഉടമയായിരുന്നു സമീറ ടീച്ചർ.

നീണ്ട 18 വർഷം സേവനം ചെയ്ത വലിയകുന്ന് എ എം എൽ പി സ്കൂളിൽ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ടീച്ചറുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഒരു നാട് ഒന്നാകെ തേങ്ങി. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ നനഞ്ഞ നയനങ്ങളോടെ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികക്ക് അന്തിമോപചാരം അർപ്പിച്ച് യാത്ര മൊഴി നൽകി. 

മരണവാർത്ത അറിഞ്ഞ് മന്ത്രി എം ബി രാജേഷ്, വിവിധ പണ്ഡിതർ, മഹല്ല്,  രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധിപേർ വസതിയിൽ എത്തി. തിങ്കളാഴ്ച രാവിലെ 8:30 ന് ചെമ്പുലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

റിപ്പോര്‍ട്ട്: യുഎ റഷീദ്

Advertisment