പാലക്കാട്: ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ക്രമീകരണം പോലും ഏർപ്പാടാക്കാതെ ഉല്ലാസയാത്ര നടത്തുന്ന ഭരണകൂടം കേരളത്തിനപമാനമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.രാജേഷ് കുറ്റപ്പെടുത്തി. മെയ് മാസം പകുതി ആയിട്ടും കെ എസ് ആർ ടി സി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം അനുവദിക്കാത്തതിനെതിരെ സംഘടന പാലക്കാട് കെ എസ് ആർ ടി സി ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസം 230 കോടിയിലധികം വരുമാനം ലഭിച്ചിട്ടും ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് ഭൂമാഫിയയുമായി സർക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
കെ എസ് ആർ ടി സി യിൽ കടുത്ത പ്രതിസന്ധിയാണെന്ന് വരുത്തിത്തീർത്ത് കണ്ണായ ഭൂസ്വത്ത് കോഴിക്കോട് ഉൾപ്പടെ ചെയ്തതു പോലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് ഭീമന്മാർക്ക് ദീർഘകാല പാട്ടത്തിന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.
പുതിയ നിയമനങ്ങൾ നടത്താതെയും ബസുകൾ വാങ്ങാതെയും കെ എസ് ആർ ടി സി യെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. പണിയെടുത്ത കൂലി നിഷേധിക്കുന്ന ഈ ഫാസിസ്റ്റ് സമീപനം ജീവനക്കാരെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറ ടി.വി.രമേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.വിജയൻ,കെ.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ജില്ലാ സമിതി അംഗങ്ങളായ യു.തുളസീദാസ്, എൽ.മുരുകേശൻ,എ.വിനോദ്,സി.രാജഗോപാൽ,സി.രമേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.