സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി

New Update
kerala liqure prohibition committee

പാലക്കാട്: മദ്യവരുമാനം കൂട്ടാൻ സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചർച്ച നടത്തിയതായും കുറിപ്പ് തയ്യാറാക്കി സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി.

Advertisment

വരുമാനം കൂട്ടാൻ ബീവറേജസ് ഔട്ട്ലറ്റ് ലേലം ചെയ്യാനുള്ള സാധ്യതയും സർക്കാർ തേടുകയാണ്. ബാർ നടത്തിപ്പുകാരുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിലൊന്നാണ് ഡ്രൈ ഡേ പിൻവലിച്ച് എല്ലാ ദിവസവും മദ്യം ലഭ്യമാക്കുക എന്നത്. എന്നാൽ അങ്ങനെയൊരു കാര്യം അടുത്ത കാലം വരെ മാറി മാറി വന്ന സർക്കാരുകൾ ആലോചിച്ചതേയില്ല.

എന്നാലിപ്പോൾ ആ അവസരം ബാർ മുതലാളിമാർക്ക് വന്ന് ചേർന്നിരിക്കുകയാണ്. ചീഫ് സെക്രട്ടറി ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് വിളിച്ച് ചേർത്ത യോഗത്തിലാണ്  ഡ്രൈ ഡേ പിൻവലിക്കാനുള്ള വിശദമായ ചർച്ച നടന്നതെന്ന് പറയുന്നു.

സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതി ഡ്രൈ ഡേ ആചരിക്കുമ്പോൾ വർഷത്തിൽ പന്ത്രണ്ട് ദിവസം സംസ്ഥാനത്ത് മദ്യ വിൽപന ഇല്ല എന്നതിനപ്പുറം ടൂറിസം, ദേശീയ, അന്തർദേശീയ കോൺഫറൻസുകൾ എന്നിവയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാവുന്ന വിഷയം ചർച്ച ചെയ്യപ്പെട്ടു.

ഉദാഹരണത്തിന്, ഒന്നാം തീയതി ഉൾപ്പെടുന്ന ഒന്നിലധികം ദിവസം നീണ്ടുനിൽക്കുന്ന ദേശീയ അന്തർദേശീയ സമ്മേളനങ്ങൾ, കോൺഫറൻസുകൾ എന്നിവ നടത്താൻ ഡ്രൈ ഡേ ആചരിക്കാത്ത ഒരു സംസ്ഥാനം തിരഞ്ഞടുത്തേക്കാം. ഇത് കേരളത്തിന് വരുമാനവും തൊഴിലവരസരങ്ങളും മറ്റും നഷ്ടപ്പെടുത്തുന്നു.

ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ച ശേഷം ഒരു കുറിപ്പ് സമർപ്പിക്കേണ്ടതാണ് എന്ന് മിനുട്സിൽ പറഞ്ഞിരിക്കുന്നതായും റിപ്പോർട്ടുണ്ട്.കൂടാതെ, സംസ്ഥാനത്തിൻ്റെ വരുമാനം കൂട്ടാൻ കേരളത്തിലുടനീളമുള്ള നിശ്ചിത എണ്ണം ചില്ലറ മദ്യവിൽപന ശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കണമെന്നും യോഗം ചർച്ച ചെയ്തതായി പറയുന്നു.

സംസ്ഥാനത്തെ കൂടുതൽ മദ്യത്തിൽ മുക്കാൻ ഈ നീക്കം ഇടയാക്കുമെന്നതിനാൽ ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള  മദ്യ നിരോധന സമിതി പാലക്കാട്  ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ ആവശ്യപ്പെട്ടു.

Advertisment